
കോഴിക്കോട്: വാഹനങ്ങളുടെ ആർസിയിലും ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ ചേർക്കണമെന്ന അറിയിപ്പുമായി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പേരില്‍ ഫോണിലേക്കുവരുന്ന മെസേജുകള്‍ തട്ടിപ്പല്ലെന്ന് മോട്ടോർവാഹനവകുപ്പ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹന ഉടമകളുടെയും ലൈസൻസുള്ളവരുടെയും ഫോണിലേക്ക് ആധാറുമായി ലിങ്ക്ചെയ്ത മെബൈല്‍ നമ്പർ ചേർക്കണമെന്ന നിർദേശം വരുന്നുണ്ട്. ഇത് യാഥാർത്ഥത്തിലുള്ളതാണോ അതോ തട്ടിപ്പാണോ എന്ന് വ്യാപകമായി ആശങ്ക ഉയർന്നിരുന്നു.
അതിനാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. പരിവാഹൻ വെബ്സൈറ്റ് മുഖേന മാത്രമേ മൊബൈല്‍ നമ്പർ ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കൂ. അക്ഷയ, ഇ-സേവാ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ ഇത് ചെയ്യാം.
ആധാറുമായി ലിങ്ക്ചെയ്ത മൊബൈല്‍ നമ്പർ ലൈസൻസുമായും ആർസിയുമായും ബന്ധിപ്പിച്ചാല്‍ ഗുണങ്ങളേറെയാണ്. വിറ്റവാഹനം നിങ്ങളുടെപേരില്‍നിന്ന് മാറ്റിയോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കും.
പിഴയീടാക്കിയാല്‍ അത് അറിയാനും നമ്മളുടെ ഭാഗം അധികൃതർക്കുമുന്നില്‍ പറയാനും മെസേജ് വന്നാല്‍ സാധിക്കും. മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഏതൊരുസേവനം നടത്തുമ്പോഴും ഒടിപി വരും. അതിനാല്‍ മൊബൈല്‍ നമ്പർ ചേർക്കേണ്ടത് അത്യാവശ്യമാണ്.