
മുംബൈ: ഒക്ടോബറില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഫണ്ടുകള്‍ നേടിയ മൊത്തം നിക്ഷേപം (എയുസി) 70.9 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവ്. വളര്‍ച്ച, വിപണി പ്രകടനത്തെ മാത്രമല്ല, റീട്ടെയില്‍ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നു.
കോവിഡിന് ശേഷമുള്ള കാലയളവില്‍ വികാസം ത്വരിതഗതിയിലായി. 2017-ല്‍ 19.3 ലക്ഷം കോടി രൂപയായിരുന്ന എയുസി 2023ല്‍ 39.3 ലക്ഷം കോടി രൂപയായും പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ 71 ലക്ഷം കോടി രൂപയായും മാറി.
ചെറുകിട നിക്ഷേപം ഇരട്ടിയായി
കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ വലിയൊരുവിഭാഗത്തെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കായിട്ടുണ്ട്. 2023 ല്‍ 15.7 കോടിയായിരുന്ന മ്യുച്വല്‍ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം 2025 സെപ്തംബറില്‍ ഏകദേശം 25.2 കോടിയാണ്. വെറും രണ്ട് വര്‍ഷത്തില്‍ ഏകദേശം 10 കോടിയുടെ വര്‍ദ്ധന. അക്കൗണ്ടുകളുടെ എണ്ണം 8 കോടിയില്‍ നിന്നും 15.7 കോടിയാകാന്‍ ഏകദേശം ആറ് വര്‍ഷമെടുത്തു. (2018-2023).
നിക്ഷേപത്തിന്റെ ഭൗമപരിസരവും മാറി. മുംബൈ, ഡല്‍ഹി, ബെംഗളൂരു,കൊല്‍ക്കത്ത, പൂനെ എന്നീ മുന്‍നിര നഗരങ്ങളുടെ ആസ്തി വിഹിതം 2016 ലെ 73 ശതമാനത്തില്‍ നിന്നും 53 ശതമാനമായി കുറഞ്ഞപ്പോള്‍ ടയര്‍-II, ടയര്‍-III നഗരങ്ങളിലേത് 3 ശതമാനത്തില്‍ നിന്നും 19 ശതമാനമായി ഉയര്‍ന്നു.
വളര്‍ന്നുവരുന്ന കേന്ദ്രങ്ങളില്‍ ഹൈദരാബാദ്, സൂറത്ത്, ലഖ്‌നൗ, ജയ്പൂര്‍, നാഗ്പൂര്‍, വഡോദര, ഭോപ്പാല്‍ എന്നിവ മികച്ച വര്‍ദ്ധനവ് പ്രകടമാക്കി. സൂറത്തിന്റെ വിഹിതം 77ശതമാനമായും (2016 ലെ0.55 ശതമാനത്തില്‍ നിന്ന്്), ലഖ്‌നൗവിന്റേത് 0.68 ശതമാനമായും(0.50 ശതമാനത്തില്‍ നിന്ന്) ഉജയ്പൂരിന്റെ 0.85 ശതമാനമായും (0.72 ശതമാനത്തില്‍ നിന്ന്) ഭോപ്പാലിന്റേത് (0.21 ശതമാനത്തില്‍ നിന്ന് 0.35 ശതമാനമായും, വഡോദരയുടേത് 0.71 ശതമാനത്തില്‍ നിന്ന് 0.86 ശതമാനമായും, നാഗ്പൂരിന്റേത് 0.43 ശതമാനത്തില്‍ നിന്ന്് 0.56 ശതമാനമായും ഉയര്‍ന്നു. കൊച്ചിയുടെ വിഹിതം 0.24 ശതമാനമായും (0.37 ശതമാനത്തില്‍ നിന്ന്) ഉദയ്പൂരിന്റേത് 0.16 ശതമാനമായും (0.40 ശതമാനത്തില്‍ നിന്ന്) കുറഞ്ഞു,
എസ്ഐപി,ഇക്വിറ്റി നിക്ഷേപങ്ങള്‍
സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും (എസ്ഐപി) സജീവ റീട്ടെയ്ല്‍ പങ്കാളിത്തം ദൃശ്യമാണ്. പ്രതിമാസ എസ്ഐപി നിക്ഷേപം 2025 സെപ്തംബറില്‍ 29631 കോടി രൂപയുടെ റെക്കോര്‍ഡ് കൈവരിച്ചു. ഒരു വര്‍ഷം മുന്‍പ് 24509 കോടി രൂപയായിരുന്ന സ്ഥാനത്താണിത്.
ഇക്വിറ്റി നിക്ഷേപം 2024 ഒക്ടോബറിലെ 42.4 ലക്ഷം കോടി രൂപയില്‍ നിന്ന് 2025 ഒക്ടോബറില്‍ 50.9 ലക്ഷം കോടി രൂപയായി. 20 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ്. എല്ലാ വിഭാഗങ്ങളിലേയും മൊത്തം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 12.9 ലക്ഷം കോടി രൂപ വര്‍ദ്ധിച്ചു.






