
ഐഫോൺ നിർമാതാക്കളായ ആപ്പിളിനെ കോടതി കയറ്റുമെന്ന് വെല്ലുവിളിച്ച് ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ്, എക്സ്എഐ എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്ക്.
ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ എക്സ്എഐയുടെ എഐ ചാറ്റ്ബോട്ട് ആപ്പായ ഗ്രോക് എഐയ്ക്ക് മുൻനിര സ്ഥാനം നൽകാത്തതും ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് വലിയ പ്രാധാന്യം നൽകുന്നതുമാണ് മസ്കിനെ ചൊടിപ്പിച്ചത്. ഓപ്പൺഎഐയുടെ കീഴിലെ കമ്പനിയെന്ന പോലെയാണ് ആപ്പിൾ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയം കളിക്കുകയാണ് ആപ്പിളെന്നും മസ്ക് എക്സിൽ വിമർശിച്ചു.
ആപ്പ് സ്റ്റോറിലെ ‘മസ്റ്റ് ഹാവ്’ സെക്ഷനിൽ നമ്പർ വൺ ന്യൂസ് ആപ്പായ എക്സിനും ലോകത്തെ ആപ്പുകളിൽ 5-ാം സ്ഥാനത്തുള്ള ഗ്രോക്കിനും ഇടമില്ലാത്തതിന്റെ ഉത്തരം കിട്ടിയേ തീരൂ എന്നും വിപണിയിലെ കിടമത്സരം ഒഴിവാക്കാനുള്ള ആന്റി ട്രസ്റ്റ് ചട്ടങ്ങളുടെ ലംഘനമാണ് ആപ്പിൾ നടത്തുന്നതെന്നും മസ്ക് പറഞ്ഞു.
ഐഫോൺ, ഐപാഡ്, മാക് ലാപ്ടോപ് എന്നിവയിൽ ചാറ്റ്ജിപിടി ലഭ്യമാക്കാനായി ആപ്പിൾ കഴിഞ്ഞവർഷം ഓപ്പൺഎഐയുമായി ധാരണയിലെത്തിയതിനെയും മസ്ക് എതിർത്തിരുന്നു.
ആപ്പിളും ചാറ്റ്ജിപിടിയും സഹകരിച്ചാൽ തന്റെ ഓഫിസുകളിൽ ആ ഡിവൈസുകൾ വിലക്കുമെന്നും ആപ്പിൾ-ഓപ്പൺഎഐ സഹകരണം സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും അംഗീകരിക്കില്ലെന്നും മസ്ക് പറഞ്ഞിരുന്നു.
അതേസമയം, മസ്കിന്റെ വെല്ലുവിളിയോട് ഇതുവരെ ആപ്പിൾ പ്രതികരിച്ചിട്ടില്ല. നിലവിൽ ആപ്പ് സ്റ്റോറിൽ ടോപ് ഫ്രീ ആപ്പ് സെക്ഷനിൽ ഒന്നാംസ്ഥാനത്ത് ചാറ്റ്ജിപിടിയാണ്. മസ്റ്റ് ഹാവ് ആപ്പ്സ് സെക്ഷനിലുള്ള ഏക എഐ ചാറ്റ്ബോട്ടും ചാറ്റ്ജിപിടി തന്നെ.
2015ൽ മസ്കും കൂടിച്ചേർന്ന് ആരംഭിച്ചതാണ് ഓപ്പൺഎഐ എങ്കിലും തർക്കങ്ങളെ തുടർന്ന് 2018ൽ അദ്ദേഹം പടിയിറങ്ങിയിരുന്നു. ഓപ്പൺഎഎ നോൺ പ്രോഫിറ്റ് രീതിയിൽ നിന്ന് മാറി ലാഭേച്ഛയോടെ പ്രവർത്തിക്കുന്നുവെന്ന് കാട്ടി കഴിഞ്ഞ വർഷം മസ്ക് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
അതേസമയം, മസ്കിനെ വിമർശിച്ച് ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ രംഗത്തെത്തി. മസ്ക് എക്സിന് കൃത്രിമമായ പ്രാധാന്യം നൽകി തനിക്കും തന്റെ കമ്പനികൾക്കും നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്നും തനിക്ക് ഇഷ്ടമല്ലാത്തവരെ ദ്രോഹിക്കുകയാണ് മസ്ക് ചെയ്യുന്നതെന്നും സാം ഓൾട്ട്മാൻ എക്സിൽ കുറിച്ചു.