
2016ൽ ജിയോയുടെ വരവ് വെറുമൊരു സിം കാർഡ് ലോഞ്ച് ആയിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ഡിജിറ്റൽ ചരിത്രത്തെ ‘ജിയോയ്ക്ക് മുൻപും ജിയോയ്ക്ക് ശേഷവും’ എന്ന് രണ്ടായി മുറിച്ച ഒരു വിപ്ലവമായിരുന്നു. ടെക് ലോകത്ത് ജിയോ വമ്പൻ മാറ്റങ്ങളാണ് വരുത്തിയത്. ലോകം ഇന്ന് ആകെ മാറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) പിന്നാലെ പായുകയാണ്.
ഇനി ലോകം ഇന്ത്യയുടെ എഐ കരുത്ത് കണ്ട് അത്ഭുതപ്പെടാൻ പോകുന്നു. ചിലപ്പോൾ ജിയോ പോലുള്ള കമ്പനികളായിരിക്കും തുടക്കമിടുക. വിദേശ കമ്പനികളുടെ സെർവറുകളിൽ നമ്മുടെ വിവരങ്ങൾ കുടുങ്ങിക്കിടക്കുന്ന കാലം അവസാനിക്കുന്നു. ഇന്ത്യയുടെ ഡാറ്റ, ഇന്ത്യയുടെ മണ്ണിൽ, ഇന്ത്യയുടെ തന്നെ ബുദ്ധിയിൽ പ്രോസസ്സ് ചെയ്യുന്ന ‘സോവറിൻ AI’ (Sovereign AI) വിപ്ലവത്തിന് തിരിതെളിയിച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി.
പത്ത് ലക്ഷം കോടി; ഇത് ഇന്ത്യയുടെ കരുത്ത്!
അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയാണ് റിലയൻസും ജിയോയും ചേർന്ന് എഐ മേഖലയിൽ നിക്ഷേപിക്കുന്നത്. ഈ തുക കേൾക്കുമ്പോൾ തന്നെ വിദേശ ടെക് ഭീമന്മാർ ഒന്ന് ഞെട്ടും.
“ഇതൊരു സാധാരണ നിക്ഷേപമല്ല. ലാഭം മാത്രം നോക്കിയുള്ള കച്ചവടവുമല്ല. വരും ദശകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുമുള്ള ‘നേഷൻ ബിൽഡിംഗ്’ മൂലധനമാണിത്,” – നിറഞ്ഞ കൈയടികൾക്കിടെ അംബാനി പ്രഖ്യാപിച്ചു.
എന്താണ് ‘ജിയോ എഐ ഭാരത്’?
കർഷകർക്ക് അവരുടെ ഭാഷയിൽ കൃഷി കാര്യങ്ങൾ ചോദിച്ചറിയാം, രോഗികൾക്ക് വിദഗ്ദ്ധ ചികിത്സാ നിർദ്ദേശങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും, വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ വിജ്ഞാനത്തിന്റെ വാതിലുകൾ തുറക്കും. ഇതിനെല്ലാമായി ‘ജിയോ എഐ ഭാരത്’ (Jio AI Bharat) എന്ന തനത് പ്ലാറ്റ്‌ഫോമാണ് അംബാനി അവതരിപ്പിച്ചത്.
‘ഗ്രീൻ എനർജി’!
വമ്പൻ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ റിലയൻസ് ഉപയോഗിക്കുന്നത് ‘ഗ്രീൻ എനർജി’യാണ്. പ്രകൃതിക്ക് ദോഷമില്ലാത്ത, പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ AI നെറ്റ്‍വർക്ക് ആയിരിക്കും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇനിയുള്ളത് ‘എഐ ഫസ്റ്റ്’ ഇന്ത്യ
2016-ൽ ജിയോ വന്നപ്പോൾ ഇന്ത്യയുടെ മൊബൈൽ ഡാറ്റാ രംഗത്ത് ഉണ്ടായ അതേ വിപ്ലവം ഇനി എഐ രംഗത്തും സംഭവിക്കുമോ.






