
ന്യൂയോര്‍ക്ക്: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ സമ്പാദ്യം തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ജമൈക്കന്‍ സ്‌റ്റോക്ക് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്(എസ്എസ്എല്‍) അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. 12.7 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇത്തരത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്.
2 ബില്യണ്‍ ജമൈക്കന്‍ ഡോളര്‍ നിക്ഷേപമാണ് അക്കൗണ്ടില്‍ ബോള്‍ട്ടിനുണ്ടായിരുന്നത്. എന്നാല്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ അത് 1.8 മില്യണ്‍ ഡോളറായി കുറഞ്ഞു. പണം വീണ്ടെടുക്കാന്‍ കഴിയുമോ എന്നകാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു.
തുക തിരിച്ചുനല്‍കാന്‍ എസ്എസ്എല്ലിന് 10 ദിവസത്തെ സമയം അനുവദിച്ചതായി ബോള്‍ട്ടിന്റെ അഭിഭാഷകന്‍ പറഞ്ഞു.100 മീറ്റര്‍ ലോകറെക്കോര്‍ഡിന് ഉടമയായ ബോള്‍ട്ട് 10 വര്‍ഷം മുന്‍പാണ് കമ്പനിയില്‍ നിക്ഷേപം നടത്തിയത്. തന്റെ അക്കൗണ്ടില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് നേരത്തെയും അദ്ദേഹം ആരോപിച്ചിരുന്നു.
ജമൈക്ക ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മീഷന്‍ (എഫ്എസ് സി) പറയുന്നതനുസരിച്ച് എസ്എസ്എല്‍ വഞ്ചന ആരോപണങ്ങള്‍ നേരിടുകയാണ്. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ സ്ഥാപാനത്തില്‍ തുടരുന്നതായും അന്വേഷണ ഏജന്‍സി പറയുന്നു. 8 തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവും 3 തവണ തുടര്‍ച്ചയായി 100,200 മീറ്ററുകളില്‍ ചാമ്പ്യനുമാണ് ഉസൈന്‍ ബോള്‍ട്ട്.
100മീറ്റര്‍ ലോകറെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.






