
കാലിഫോര്‍ണിയ: യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് MAI-Image-1 ഇമേജ് ജനറേഷന്‍ മോഡല്‍ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് സമ്പൂര്‍ണമായി വികസിപ്പിച്ച ആദ്യ ഇന്‍-ഹൗസ് ഇമേജ് ജനറേഷന്‍ മോഡലാണിത്.
യാഥാര്‍ഥ്യബോധമുള്ള ചിത്രങ്ങള്‍ നല്‍കുന്ന ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷന്‍ മോഡലാണ് ഇതെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ചിത്രങ്ങളുടെ നിലവാരവും വേഗവും ഉറപ്പുവരുത്തുന്നതായും മൈക്രോസോഫ്റ്റ് പറയുന്നു.
എല്‍എംഅരീനയില്‍ ഈ ഇമേജ് ജനറേഷന്‍ മോഡല്‍ പരീക്ഷണത്തിന് ലഭ്യമാണ്. ഈ എഐ മോഡലിനെ കോപൈലറ്റിലേക്കും ബിംഗ് ഇമേജ് ക്രിയേറ്ററിലേക്കും വൈകാതെ മൈക്രോസോഫ്റ്റ് എത്തിക്കും.
MAI-Image-1 ഇമേജ് ജനറേഷന്‍ മോഡല്‍?
പൂര്‍ണമായും മൈക്രോസോഫ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ വികസിപ്പിക്കുന്ന മൂന്നാമത്തെ എഐ മോഡലാണ് MAI-Image-1. ഓഗസ്റ്റില്‍ മൈക്രോസോഫ്റ്റ്, കോപൈലറ്റ് അടക്കമുള്ളവയിലെ എഐ അനുഭവം മെച്ചപ്പെടുത്തുന്നതിനായി MAI-Voice-1 and MAI-1 എന്നീ രണ്ട് എഐ മോഡലുകള്‍ പുറത്തിറക്കിയിരുന്നു.
ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന MAI-Image-1 എല്‍എംഅരീനയില്‍ ടെസ്റ്റ്-ടു-ഇമേജ് മോഡലുകളില്‍ മികച്ച പത്ത് എണ്ണത്തിലുണ്ട് എന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഗൂഗിള്‍ ജെമിനി 2.5 ഫ്ലാഷ് ഇമേജ് മോഡലും, ഓപ്പണ്‍എഐയുടെ ജിപിടി-1 ഉം ഈ നിരയിലുണ്ട്. ഗൂഗിളിന്‍റെ ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡലായ ഇമാജെന്‍ 3-യുമായും MAI-Image-1 മത്സരിക്കുന്നു.
കോപൈറ്റിലേക്ക് MAI-Image-1 ഉടന്‍
ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെ മികവ് അളക്കുന്ന പ്ലാറ്റ്‌ഫോമായ എല്‍എംഅരിനയില്‍ ലഭ്യമാകുന്ന പ്രതികരണങ്ങള്‍ അനുസരിച്ച് MAI-Image-1 എഐ ഇമേജ് ജനറേഷന്‍ മോഡല്‍ മൈക്രോസോഫ്റ്റ് പരിഷ്‌കരിക്കും.
ഇതിന് ശേഷം ഉടന്‍ തന്നെ മൈക്രോസോഫ്റ്റിന്‍റെ ഉത്പന്നങ്ങളായ കോപൈലറ്റിലും ബിംഗ് ഇമേജ് ക്രിയേറ്ററിലും MAI-Image-1 പ്രത്യക്ഷപ്പെടും. ഓപ്പണ്‍എഐയുടെ ജിപിടി-4o, DALL-E 3 ഇമേജ് ജനറേഷന്‍ മോഡലുകളാണ് കോപൈലറ്റും ബിംഗ് ഇമേജ് ക്രിയേറ്ററും നിലവില്‍ ഉപയോഗിക്കുന്നത്.
മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള എഐ അധിഷ്‌ഠിത ഡിജിറ്റല്‍ അസിസ്റ്റന്‍റാണ് കോപൈലറ്റ്. വാക്കുകളെ ദൃശ്യങ്ങളാക്കി മാറ്റുന്ന എഐ ഇമേജ് ക്രിയേറ്ററാണ് ബിംഗ് ഇമേജ് ക്രിയേറ്റര്‍.