
മൂന്നാം കക്ഷി ആപ്പുകള്‍ എന്ന നിലയില്‍ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയവയാണ് യു.പി.ഐ പേയ്‌മെന്റ് വിപണിയിൽ ഏറെ ജനപ്രിയം. യു.പി.ഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന ബാങ്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നവയുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
ഈ ഇടപാടുകളിൽ വലിയൊരു പങ്കും വ്യാപാരി പേയ്‌മെന്റുകളാണ്. ഉപഭോക്താവ് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് യുപിഐ ഇടപാട് നടത്തുന്നത് ഈ ബാങ്കുകളിലേക്കാണ് വന്നു ചേരുന്നത്.
വ്യാപാരി പേയ്‌മെന്റുകളിൽ ഏകദേശം 60 ശതമാനം ഇടപാടുകളും യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്.
സ്വകാര്യ മേഖലയിലെ ഈ നാല് ബാങ്കുകളില്‍ യെസ് ബാങ്കാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്നത്. 40 ശതമാനം ഇടപാടുകളും യെസ് ബാങ്കിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇടപാടുകള്‍ ഇരട്ടിയാക്കാനും യെസ് ബാങ്കിനായി.
ഫോണ്‍പേ ഉപയോഗിക്കുന്ന വ്യാപാരികളാണ് പ്രധാനമായും ഉളളത് എന്നതിനാലാണ് യെസ് ബാങ്കിന് ഈ മേഖലയിൽ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2024 ന്റെ തുടക്കത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച ശേഷം പേടിഎം പേയ്‌മെന്റ് ബാങ്കിൽ പ്രവർത്തിക്കുന്ന വ്യാപാരികളെയും അവർ ഏറ്റെടുത്തു.
പേയ്‌മെന്റ് സേവന ദാതാവ് എന്ന നിലയിൽ യെസ് ബാങ്ക് പ്രതിദിനം 31.8 കോടി ഇടപാടുകളാണ് പ്രോസസ് ചെയ്യുന്നത്.
ഒരു ഉപഭോക്താവ് ഒരു വ്യാപാരിക്ക് യുപിഐ പേയ്‌മെന്റ് നടത്തുമ്പോൾ, അത് വ്യാപാരിയുടെ എസ്ക്രോ അക്കൗണ്ടിലേക്കാണ് (escrow account) പോകുന്നത്. വ്യാപാരി പേയ്‌മെന്റ് ഇടപാടുകളിൽ സ്ഥിരമായി 10 ശതമാനം വിഹിതം നിലനിർത്തുന്ന ഏക പൊതുമേഖലാ ബാങ്ക് എസ്‌ബിഐ ആണ്.
അതേസമയം യു.പി.ഐ പേയ്‌മെന്റുകള്‍ നടത്തുന്ന സാധാരണ ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം എസ്ബിഐ ക്കാണ്. എസ്‌ബിഐ ക്ക് 25 ശതമാനം വിപണി വിഹിതമുളളപ്പോള്‍ മറ്റ് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് 5 ശതമാനം മുതൽ 8 ശതമാനം വരെ വിപണി വിഹിതമാണ് ഉളളത്.
വരുമാനം ഉണ്ടാക്കാനുള്ള അവസരം കണക്കിലെടുത്താണ് വ്യാപാരി പേയ്‌മെന്റുകള്‍ പിടിച്ചെടുക്കാൻ സ്വകാര്യ ബാങ്കുകള്‍ താൽപ്പര്യപ്പെടുന്നത്. കേന്ദ്ര സർക്കാർ നിര്‍ദേശം അനുസരിച്ച് വ്യാപാരികൾക്ക് യുപിഐ സേവനം സൗജന്യമാണ്.
വ്യാപാരികളുടെ എസ്ക്രോ അക്കൗണ്ടുകൾ പ്രോസസ് ചെയ്യുന്നതിന് പകരമായി ഫിൻടെക്കുകളിൽ നിന്ന് ഒരു ചെറിയ പേയ്‌മെന്റ് ബാങ്കുകൾക്ക് ലഭിക്കുന്നു.