
തിരുവനന്തപുരം: സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിന് ഉടൻ ഉത്തരവിറങ്ങും. ജീവനക്കാരും പെൻഷൻകാരും നൽകേണ്ട പ്രതിമാസ പ്രീമിയം 810 രൂപയായി നിശ്ചയിച്ചു. നിലവിലെ ഏജൻസിയായ ഓറിയന്റൽ ഇൻഷുറൻസ് തന്നെ രണ്ടാംഘട്ടത്തിലും മെഡിസെപ് നടത്തും.
ആദ്യഘട്ടത്തിൽ 500 രൂപയായിരുന്നു പ്രീമിയം. അത് ടെൻഡർ നടപടിക്ക് വിധേയമായി 750 രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 750 രൂപ പ്രീമിയത്തിൽ മെഡിസെപ് ഏറ്റെടുക്കാൻ കമ്പനികൾ തയ്യാറായില്ല. 875 രൂപയായിരുന്നു കുറഞ്ഞതുകയായി ക്വാട്ട് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടന്ന ചർച്ചയിൽ 810 രൂപ പ്രീമിയമായി അംഗീകരിക്കാൻ തീരുമാനമായി. ഈ തുക മന്ത്രിസഭയിലുണ്ടായ ധാരണയെക്കാൾ കൂടുതലായതിനാൽ ഇനിയും മന്ത്രിസഭ അംഗീകരിക്കേണ്ടിവരും.
നവംബർ ഒന്നുമുതൽ പുതിയ പദ്ധതി തുടങ്ങേണ്ടതിനാൽ ഉടൻ ഉത്തരവിറക്കി പിന്നീട് മന്ത്രിസഭയുടെ അംഗീകാരം തേടാനാണ് സാധ്യത. ഇൻഷുറൻസ് കവറേജ് മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്.






