
1953 സെപ്റ്റംബര്‍ 27-നാണ് അമ്പലപ്പുഴയിലെ ഒരു തീരദേശ ഗ്രാമത്തില്‍ സുധാമണി ജനിച്ചത്. 1982 ല്‍ അവര്‍ ഔപചാരികമായി സന്യാസിനീ ജീവിതത്തിലേക്ക് പ്രവേശിച്ചു; ഒപ്പം മാതാ അമൃതാനന്ദമയി ദേവി എന്ന പേരിലേക്കും. മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കുന്ന അമൃതാനന്ദമയി മഠം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ വ്യാപകമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ‘ഋായൃമരശിഴ വേല ണീൃഹറ’ എന്ന അന്താരാഷ്ട്ര സേവാശൃംഖലയുടെ കീഴില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാര്‍പ്പിടം, സ്ത്രീശാക്തീകരണം, ദുരന്തസഹായം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ നൂറു കണക്കിന് പദ്ധതികള്‍ നടപ്പിലാക്കുന്നു.
വ്യക്തിപരമായ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു ആഗോള മാനവികതാ ദൗത്യമായി ഇത് വളര്‍ന്നു. മഠത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 3,500 കോടിയിലധികം രൂപയുടെ പിന്തുണ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളില്‍ ആത്മീയ കേന്ദ്രങ്ങളും ജീവകാരുണ്യ പ്രവര്‍ത്തന ശൃംഖലയും സജീവം.വിദ്യാഭ്യാസരംഗത്ത് നല്‍കുന്ന സംഭാവനകള്‍ അതുല്യമാണ്. 2003-ല്‍ ആരംഭിച്ച അമൃത വിശ്വവിദ്യാപീഠം ഇന്ന് ഇന്ത്യയിലെ മുന്‍നിര സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ എട്ട് ക്യാമ്പസുകളിലായി 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. നിരവധി തവണ ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഈ കല്‍പ്പിത സര്‍വകലാശാല ഇടം നേടി.
ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയം. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഒന്നാണ്. 1,300 കിടക്കകളോടുകൂടിയ ഈ ആശുപത്രിയില്‍ ഇതുവരെ 51 ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സയും 3 ലക്ഷത്തിലധികം രോഗികള്‍ക്ക് ഭാഗിക ധനസഹായവും ലഭിച്ചു. 2022-ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ ആരംഭിച്ച 2,600 കിടക്കകളുള്ള അമൃത ഹോസ്പിറ്റല്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നാണ്.
ഭവനരഹിതര്‍ക്കായി മഠം 1997 മുതല്‍ നടപ്പിലാക്കി വരുന്ന ‘അമൃത കൗടീരം’ പദ്ധതി വഴി രാജ്യത്ത് 47,000-ലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ‘അമൃതനിധി’ പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നു. സ്ത്രീശാക്തീകരണത്തിനായുള്ള ‘അമൃതശ്രീ’ പദ്ധതിയിലൂടെ 2 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം, സാമ്പത്തികസഹായം, ചെറിയ ബിസിനസുകള്‍ക്കുള്ള വായ്പകള്‍ എന്നിവ നല്‍കുന്നു.
രാജ്യത്ത് പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ദുരിത ബാധിതരായവര്‍ക്ക് ആയിരക്കണക്കിന് വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കി. 2015-ല്‍ ആരംഭിച്ച അമൃത സെര്‍വ് പദ്ധതിയിലൂടെ നൂറിലധികം ഗ്രാമങ്ങളെ ദത്തെടുത്ത് ശുചിത്വം, ജലവിതരണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.
1993-ല്‍ ഷിക്കാഗോയിലെ ലോക മത പാര്‍ലമെന്റിലും 2014-ല്‍ ഐക്യരാഷ്ട്ര സഭയിലും മാതാ അമൃതാന്ദമയി പ്രസംഗിച്ചു. മതസാഹോദര്യത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും പങ്കുവച്ച ചിന്തകള്‍ അനേകായിരം പേര്‍ ശ്രദ്ധാപൂര്‍വം കേട്ടു. കേരളത്തിലെ ഒരു തീരദേശ ഗ്രാമത്തില്‍ തികച്ചും സാധാരണക്കാരിയായി ജീവിച്ചിരുന്ന ഒരു യുവതി പതിറ്റാണ്ടുകള്‍ കൊണ്ട് സഹജീവി സ്‌നേഹത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും ആധ്യാത്മിക മുന്നേറ്റത്തിന്റെയും ജ്വലിക്കുന്ന സ്ത്രീബിംബമായി ഉയര്‍ന്നുവന്ന ജീവിതകഥയാണ് മാതാ അമൃതാനന്ദമയിയുടേത്.






