പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

വിപണിയില്‍ വിദേശികളുടെ കൂട്ടവിറ്റഴിക്കല്‍; ഒഴുകിപ്പോയത് 3.08 ലക്ഷം കോടി

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും പണപ്പെരുപ്പ ആശങ്കകളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരെ അകറ്റുന്നു. ഒക്ടോബറില്‍ ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 48,056 കോടി രൂപ പിന്‍വലിച്ചു.

സെപ്റ്റംബറില്‍ 35,861 കോടിരൂപയുടെയുടെ അറ്റ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയത്. ഇതോടെ 2026ല്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം അറ്റ പിന്‍വലിക്കല്‍ 3.08 ലക്ഷം കോടിയായി ഉയര്‍ന്നു. 2025ല്‍ രേഖപ്പെടുത്തിയ 1.66 ലക്ഷം കോടിരൂപയേക്കാള്‍ ഏറെ കൂടുതലാണിത്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, ദുര്‍ബലമായ കോര്‍പ്പറേറ്റ് വരുമാന പ്രതീക്ഷകള്‍ എന്നിവയാണ് വില്‍പ്പനയ്ക്ക് പ്രധാന കാരണങ്ങളെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന എണ്ണവിലയും ഗതാഗതച്ചെലവും വരും പാദങ്ങളില്‍ കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന ആശങ്കയും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു.

ജിയോ പ്ലാറ്റ്ഫോംസിന്റെ 30,213 കോടിരൂപയുടെ ഐപിഒ വിപണിയിലെ പണലഭ്യതയെ താല്‍ക്കാലികമായി ബാധിച്ചതായും വിലയിരുത്തലുണ്ട്. അതേസമയം, അമേരിക്കയിലെ ഉയര്‍ന്ന പലിശനിരക്കുകള്‍ അവിടത്തെ നിക്ഷേപങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

എന്നാല്‍, ഒക്ടോബര്‍ 23ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദത്തില്‍ നേരിയ കുറവുണ്ടായത് വിപണിക്ക് ആശ്വാസമായി. രണ്ട് വ്യാപാര ദിവസങ്ങളില്‍ എഫ്പിഐകള്‍ അറ്റ വാങ്ങലുകാരായും മാറി.

യുഎസ് ബോണ്ട് യീല്‍ഡുകളിലെ ഇടിവ്, രൂപയുടെ മൂല്യത്തിലെ മാറ്റം, വന്‍കിട ഓഹരികളുടെ ആകര്‍ഷകമായ മൂല്യനിര്‍ണയം എന്നിവയാണ് വില്‍പ്പന മന്ദഗതിയിലാകാന്‍ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിദേശ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥാവകാശം വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയ സാഹചര്യത്തില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെയും എസ്ഐപികളിലൂടെയുള്ള നിക്ഷേപത്തിന്റെയും പിന്തുണ വിപണിക്ക് കരുത്തേകുന്നുണ്ട്.

ഇ ആഴ്ചയില്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെയും ബാങ്ക് ഓഫ് ജപ്പാന്റെയും പലിശനിരക്ക് തീരുമാനങ്ങള്‍, അമേരിക്കയുടെ ജിഡിപി കണക്കുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, ആഗോള സംഘര്‍ഷങ്ങളിലെ പുരോഗതി, കമ്പനികളുടെ രണ്ടാം പാദഫലങ്ങള്‍ എന്നിവ വിപണിയുടെ ദിശ നിര്‍ണയിക്കും.

വിദേശ നിക്ഷേപകരുടെ വില്‍പ്പന കുറയുന്നത് ആശ്വാസകരമാണെങ്കിലും ഉയര്‍ന്ന എണ്ണവിലയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യന്‍ ഓഹരി വിപണിക്ക് വെല്ലുവിളിയായി തുടരുകയാണ്.

X
Top