
ദില്ലി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റിൽ നടന്ന കൂട്ടപ്പിരിച്ചുവിടലിൽ തനിക്കും ജോലി നഷ്ടമായെന്ന് എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ. വാഷിങ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ തരൂർ തന്നെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘വാഷിംഗ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നു. ഞങ്ങളുടെ ന്യൂസ് റൂമിനെയോർത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച പത്രപ്രവർത്തകരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു.
കഴിഞ്ഞ 12 വർഷത്തോളമായി എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കുമൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ലോകത്തെ കുറിച്ചും അതിൽ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാർക്ക് കൂടുതൽ മനസിലാക്കാനായി 2017 ജനുവരിയിലാണ് ഞാൻ ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചത്.
വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് ഞാൻ കടപ്പെട്ടിരിക്കുന്നു’, എന്നാണ് ഇഷാൻ തരൂർ എക്സിൽ കുറിച്ചത്.
‘ഒരു മോശം ദിവസം’ എന്ന അടിക്കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാൻ തരൂർ മറ്റൊരു എക്സ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.






