ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

മാഞ്ഞാലി ഹൽവ ബ്രാൻഡാക്കും: മന്ത്രി പി. രാജീവ്

കൊച്ചി: മാഞ്ഞാലി ഹൽവയെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പരിചിതമായ ഒരു പൊതുബ്രാൻഡാക്കി വിപണിയിൽ ശക്തമായി അവതരിപ്പിക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചതായി പി രാജീവ് അറിയിച്ചു. മാഞ്ഞാലി ഹൽവയുടെ വൈവിധ്യവത്കരണവും വിപണന സാധ്യതകളും വിലയിരുത്തുന്നതിനായി വിളിച്ച് ചേർത്ത യോഗം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു മന്ത്രി. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി എ മുജീബ് അധ്യക്ഷത വഹിച്ചു. പരമ്പരാഗത രീതിയിൽ നിർമിക്കുന്ന മാഞ്ഞാലി ഹൽവയ്ക്ക് ഗുണനിലവാരവും ശുദ്ധിയും ഉറപ്പാക്കി ആധുനിക വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പാക്കേജിംഗും വിപണനവും നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഹൽവ ഉത്പാദകരെ ഏകോപിപ്പിച്ച് ക്ലസ്റ്റർ സംവിധാനം രൂപീകരിക്കുന്നതിലൂടെ ഉത്പാദന ശേഷി വർധിപ്പിക്കുകയും വിപണന സാധ്യതകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മാഞ്ഞാലി ഹൽവയ്ക്ക് ഏകീകൃത ബ്രാൻഡ് ഐഡന്റിറ്റിയും ലേബലിംഗും ഉറപ്പാക്കുന്ന നടപടികൾ ആരംഭിക്കും. മാഞ്ഞാലി ഹൽവയുടെ വിപണി രാജ്യ വ്യാപകമായി വികസിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവെ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായും ഫ്ലിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ വിതരണ കമ്പനികളുമായും ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും സർക്കാർ സ്ഥാപനങ്ങളുടെ ശൃംഖലകൾ വഴിയും ഉത്പന്നം വിപണിയിൽ എത്തിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കുന്നുകരയിൽ നിർമാണം പൂർത്തിയാകുന്ന ഫുഡ് പാർക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ഉത്പാദനവും സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാകുമെന്നും ഇതുവഴി മാഞ്ഞാലി ഹൽവയുടെ വിപണന സാധ്യതകൾ ഗണ്യമായി വർധിക്കുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് പാർക്കിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ചെറുകിട ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ അവസരം ലഭിക്കും. യോഗത്തിൽ വ്യവസായ വകുപ്പ്, വനിതാ വികസന കോർപറേഷൻ, പിന്നാക്ക വികസന കോർപറേഷൻ എന്നിവയുടെ വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ നൽകുന്ന സബ്സിഡികൾ, സാമ്പത്തിക സഹായങ്ങൾ, പരിശീലന പദ്ധതികൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. പരമ്പരാഗത ഭക്ഷ്യ ഉത്പന്നങ്ങളെ സംരക്ഷിച്ച് കൊണ്ട് തൊഴിൽ അവസരങ്ങളും പ്രാദേശിക സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും യോഗത്തിൽ വ്യക്തമാക്കി.

X
Top