
സിനിമകളുടെ വ്യാജപതിപ്പുകൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ച ആയിരക്കണക്കിന് ടെലിഗ്രാം ചാനലുകളും വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ റദ്ദാക്കി. ഡിജിറ്റൽ പൈറസിക്കെതിരെയുള്ള രാജ്യവ്യാപക നടപടികളുടെ ഭാഗമായി 1,263 വെബ്‌സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളുമാണ് കേന്ദ്രം പൂട്ടിച്ചത്. സിനിമാ വ്യാജപതിപ്പുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പകർപ്പവകാശ ലംഘനങ്ങളും പൈറസിയും തടയുന്നതിനായി ശക്തമാക്കിയ ‘സിനിമറ്റോഗ്രഫ് ആക്ട് 2023’ലെ നിയമങ്ങൾ പ്രകാരമാണ് വിജ്ഞാപനമിറക്കി ലംഘനങ്ങൾക്കെതിരെ നടപടിയെടുത്തത്. വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന വലിയ സാമ്പത്തിക നഷ്ടം സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് ഐടി മന്ത്രി വ്യക്തമാക്കി.
പരാതികൾ ഏകോപിപ്പിച്ച് വേഗത്തിൽ നടപടിയെടുക്കുന്നതിനായി ഐടി മന്ത്രാലയത്തിന്റെ കീഴിൽ പുതിയ ആന്റി-പൈറസി പോർട്ടൽ വികസിപ്പിച്ചുവരികയാണ്. വ്യാജ പതിപ്പുകൾ തടയുന്നതിലൂടെ സിനിമാ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്ന പൈറസി തടയാൻ നിയമസംവിധാനം കൂടുതൽ കടുപ്പിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
നേരത്തെ വ്യാജപതിപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്രസർക്കാരിനെ നേരിട്ട് സമീപിച്ചിരുന്നു.






