മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ലിമിറ്റഡ് തങ്ങളുടെ പാസഞ്ചർ വാഹന വിൽപ്പന ജൂണിൽ 59 ശതമാനം ഉയർന്ന് 26,880 യൂണിറ്റിലെത്തിയതായി അറിയിച്ചു. 2021 ജൂണിൽ കമ്പനി മൊത്തം 16,913 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചതായി എം ആൻഡ് എം പ്രസ്താവനയിൽ പറഞ്ഞു. മഹീന്ദ്രയുടെ പാസഞ്ചർ വാഹന വിഭാഗത്തിൽ യൂട്ടിലിറ്റി വാഹനങ്ങൾ, കാറുകൾ, വാനുകൾ എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ ജൂൺ മാസത്തെ മൊത്തം വാഹന വിൽപ്പന (പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ) 54,096 യൂണിറ്റാണ്. യൂട്ടിലിറ്റി വാഹന വിൽപ്പന കഴിഞ്ഞ വർഷം ജൂൺ മാസത്തെ 16,636 വാഹനങ്ങളെ അപേക്ഷിച്ച് 60 ശതമാനം വർധിച്ച് 26,620 യൂണിറ്റിലെത്തി.
അതേസമയം കമ്പനിയുടെ വാണിജ്യ വാഹന വിൽപ്പന ജൂണിൽ 20,431 യൂണിറ്റായിരുന്നുവെന്ന് എം ആൻഡ് എം അറിയിച്ചു. ജൂൺ മാസത്തെ കയറ്റുമതി 2,777 വാഹനങ്ങളാണ്. കഴിഞ്ഞ ഒന്നാം പാദം തങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ ഉയർന്ന എസ്‌യുവി വിൽപ്പന ക്വാർട്ടറാണ് എന്ന് കമ്പനി അറിയിച്ചു. XUV700, Thar, Bolero, XUV300 എന്നിവയുൾപ്പെടെ തങ്ങളുടെ എല്ലാ ബ്രാൻഡുകൾക്കുമുള്ള ശക്തമായ ഡിമാൻഡ് കൊണ്ടാണ് ഇത് സാധ്യമായതെന്ന് എം ആൻഡ് എം ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
ജൂണിൽ 26,620 എസ്‌യുവികളാണ് കമ്പനി വിറ്റഴിച്ചത്.