
കൊച്ചി: സമ്പന്നരായ ഉപഭോക്താക്കള്‍ പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളോട് പ്രിയം കുറച്ചതോടെ ഇന്ത്യയില്‍ ആഡംബര വൈദ്യുതി കാറുകളുടെ വില്‍പ്പന കുതിച്ചുയരുന്നു.
ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ രാജ്യത്തെ ആഡംബര ഇലക്‌ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 66 ശതമാനം വർദ്ധനയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ വാഹൻ രജിസ്ട്രേഷൻ ആപ്പിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ജനുവരിയില്‍ രാജ്യത്തെ മൊത്തം വാഹന വില്‍പ്പനയില്‍ ഏഴ് ശതമാനം മാത്രമായിരുന്നു ഇ വാഹനങ്ങള്‍. എന്നാല്‍ മേയില്‍ വൈദ്യുതി വാഹനങ്ങളുടെ വിഹിതം 12 ശതമാനമായി ഉയർന്നു.
ചാർജിംഗ് സംവിധാനങ്ങള്‍ വ്യാപകമായതും പൊതുജനങ്ങള്‍ക്കിടെയില്‍ വൈദ്യുതി വാഹനങ്ങളെ കുറിച്ച് മതിപ്പ് വർദ്ധിച്ചതും പരമ്ബരാഗത വാഹന നിർമ്മാതാക്കള്‍ അവേശത്തോടെ പുതിയ ഇ കാറുകള്‍ പുറത്തിറക്കുന്നതുമാണ് ഇന്ത്യയില്‍ ഈ മേഖല മികച്ച വളർച്ച നേടാൻ സഹായകരമാകുന്നത്.
അടുത്ത രണ്ട് വർഷത്തില്‍ നൂറ് ശതമാനത്തിലധികം വളർച്ചയാണ് ഇന്ത്യൻ വിപണിയില്‍ ബെൻസ് ലക്ഷ്യമിടുന്നത്. ബി.എം.ഡബ്‌ള‌്യു, വോള്‍വോ കാറുകള്‍ക്കും മികച്ച വില്‍പ്പനയാണ് ഇന്ത്യൻ വിപണിയിലുള്ളത്.
വൈദ്യുതി വാഹനങ്ങളുടെ വിപണിയില്‍ മികച്ച വളർച്ചയുമായി ബെൻസാണ് ഹീറോയാകുന്നത്. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ബെൻസിന്റെ വൈദ്യുതി കാർ വില്‍പ്പന 76 ശതമാനം ഉയർന്നു.
നടപ്പുവർഷം ഇതുവരെ 501 ഇ വാഹനങ്ങളാണ് ബെൻസ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ഈ വർഷം ബെൻസ് ഇ കാർ വില്‍പ്പന 1,200 യൂണിറ്റുകള്‍ കവിയാനിടയുണ്ട്. കഴിഞ്ഞ വർഷം 940 ഇലക്‌ട്രിക് വാഹനങ്ങളാണ് ബെൻസ് ഇന്ത്യയില്‍ വിറ്റഴിച്ചത്.