മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഊർജ ഉപഭോക്താക്കളായ ഇന്ത്യയുടെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ഉപഭോഗം മാർച്ചിൽ ഇടിഞ്ഞു. മാർച്ചിൽ ഏകദേശം 16 ശതമാനം പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവും രേഖപ്പെടുത്തി 2.38 മില്യണ്‍ ടണ്ണിലെത്തി. ഇത് കഴിഞ്ഞ് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവാണ്.

എന്നാൽ, ഇതിനു വിപരീതമായി ഡീസൽ, പെട്രോൾ ഉപഭോഗം യഥാക്രമം 8.73 മില്യണ്‍ ടണ്ണും 3.78 മില്യണ്‍ ടണ്ണുമായി റിക്കാർഡ് തലത്തിൽ ഉയരുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇവയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഔട്ട്‌ലെറ്റുകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഡീസൽ, പെട്രോൾ വാങ്ങൽ ഉയരാൻ കാരണം.

പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞമാസത്തെ എൽപിജി ഉപഭോഗത്തിലുണ്ടായ 15.7 ശതമാനം പ്രതിമാസ റിക്കാർഡ് കുറവാണ്. ഇതിനു മുമ്പുള്ള കുറഞ്ഞ ഉപഭോഗം 2024 ജൂണിലായിരുന്നു.

മൊത്തത്തിൽ ഉയർന്നു
മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യണ്‍ ടണ്ണിലെത്തി. 2019 സാമ്പത്തികവർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ്.

എൽപിജി വിതരണമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിന്‍റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണെത്തുന്നത്. ഇത് ഇറക്കുമതിയെ സാരമായി ബാധിച്ചു.

ഫെബ്രുവരിയിലെ 2 മില്യണ്‍ ടണ്ണിൽനിന്ന് മാർച്ചിൽ 1.1 മില്യണ്‍ ടണ്ണായി കുറഞ്ഞു. ഇറക്കുമതിയിലുണ്ടായ ഏറ്റവും വലിയ പ്രതിമാസ ഇടിവുകളിലൊന്നാണിത്- ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

വാർഷിക എൽപിജി ഉപഭോഗത്തിന്‍റെ 90-92 ശതമാനവും വീടുകളിലാണ്. അതിനാൽ എൽപിജി വിതരണത്തിൽ വീടുകൾക്കാണ് പ്രധാന്യം നല്കുന്നത്. ഇതുകൂടാതെ പെട്രോളിയം മന്ത്രാലയം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) പദ്ധതിക്ക് ഊന്നൽ നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ മാർച്ചിൽ മൂന്നു ലക്ഷത്തിലധികം പേർ ചേർന്നു. ഏപ്രിൽ അവസാനത്തോടെ ഏകദേശം ആറു മുതൽ ഏഴു ലക്ഷം പുതിയ ഉപഭോക്താക്കൾ പിഎൻജിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡീസലും പെട്രോളും ഉയർന്നു
മാർച്ചിലെ ഡീസൽ ഉപഭോഗം 14 ശതമാനം പ്രതിമാസ വർധനയും എട്ടു ശതമാനം വാർഷിക ഉയർച്ചയുമായി 8.73 മില്യണ്‍ ടണ്ണെന്ന റിക്കാർഡ് ഉയരത്തിലെത്തി. ഇതിനു മുമ്പുള്ള ഉയർന്ന നിരക്ക് 2025 മേയിലെ 8.57 മില്യണ്‍ ടണ്ണിന്‍റെതാണ്.

ഇതുപോലെ പെട്രോളിന്‍റെ ഉപഭോഗം 12 ശതമാനം പ്രതിമാസ ഉയർച്ചയും ഏകദേശം എട്ടു ശതമാനം വാർഷിക വർധനയുമായി 3.78 മില്യണ്‍ ടണ്ണിലെത്തി. ഇതിനു മുമ്പുള്ള ഉയർന്ന നിരക്ക് കഴിഞ്ഞ വർഷം മേയിലെ 3.78 മില്യണ്‍ ടണ്ണാണ്.

ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഉപഭോഗത്തിന്‍റെ 60 ശതമാനവും കണ്ടെത്തുന്നത് മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലകളിൽനിന്നാണ്. ഇവിടുന്നുള്ള കൂടുതൽ ചരക്കും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.

ഫെബ്രുവരി 28 മുതൽ ഊർജ വിതരണത്തിലെ ഈ സുപ്രധാനപാത അടഞ്ഞത് ഇന്ത്യയുടെ ഇറക്കുമതിയെ കാര്യമായി ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം ഏകദേശം 54,000 ടണ്‍ ഇറക്കുമതിയിൽനിന്ന് നിലവിൽ 30,000 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.

X
Top