
ന്യൂഡല്‍ഹി: ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 2023 മെയ് മാസത്തില്‍ 4.1 ശതമാനം ഇടിഞ്ഞു. 23,477.8 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനികള്‍ നേടിയ വരുമാനം. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ (മെയ് 2022) 24,480.36 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഇവര്‍ക്കുണ്ടായിരുന്നു.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം 11.26 ശതമാനം ഇടിഞ്ഞ് 14,056.29 കോടി രൂപയായി. രാജ്യത്തെ വലുതും പൊതുമേഖലയിലുള്ള ഏക ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനവുമാണ് എല്‍എസി. അതേസമയം സ്വകാര്യ മേഖലയിലെ ബാക്കി 23 കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം 9.05 ശതമാനം ഉയര്‍ന്ന് 9,421.51 കോടി രൂപയായിട്ടുണ്ട്.
2022 മെയ് മാസത്തില്‍ ഇവര്‍ സ്വീകരിച്ച പ്രീമിയം 8,639.72 കോടി രൂപയായിരുന്നു. ഏപ്രില്‍ – മെയ് കാലയളവില്‍ 24 കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം 15 ശതമാനമാണ് താഴ്ന്നത്. 36043.11 കോടി രൂപയാണ് ഈ കാലയവളവില്‍ ഇവര്‍ നേടിയത്.
എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യുടെ പ്രീമിയം ഈ മാസങ്ങളില്‍ 28 ശതമാനം കുറഞ്ഞ് 19866 കോടി രൂപയായി.