

പ്രവീൺ മാധവൻ
(ഡയറക്ടർ – ദൻപഥ് ഫിൻക്ലൂസിവ് പ്രൈവറ്റ് ലിമിറ്റഡ്)
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2026 ഫെബ്രുവരി അവസാന ആഴ്ചയിൽ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ സ്‌കീം ഘടനകളിൽ പ്രത്യക്ഷപരമായ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പുതുതായി കൊണ്ട് വരുന്ന ലൈഫ് സൈക്കിൾ ഫണ്ടുകൾ മ്യൂച്ചൽ ഫണ്ട് വിപണിയിലെ പുതിയ അംഗമാകുകയാണ്. നിലവിലെ സൊല്യൂഷൻ ഓറിയന്റഡ് ഫണ്ടുകൾ (റിട്ടയർമെന്റ്, ചിൽഡ്രൻസ് ഫണ്ടുകൾ) അടുത്ത ആറ് മാസ കാലാവധിയിൽ വിപണികളിൽ നിന്ന് അപ്രത്യക്ഷമാകുകയും ലൈഫ് സൈക്കിൾ ഫണ്ടെന്ന പുതുമുഖം വിപണികളിൽ സുപരിചിതമാകുകയും ചെയ്യും.
എന്താണ് ലൈഫ് സൈക്കിൾ ഫണ്ടുകൾ?
നിശ്ചിത കാലാവധിയുള്ള ദീർഘ കാല മ്യൂച്ചൽ ഫണ്ടുകളാണ് ലൈഫ് സൈക്കിൾ ഫണ്ടുകൾ. കാലാവധി പരിധിക്കുപരി, ശേഷിക്കുന്ന കാലാവധിക്കനുസൃതമായി ഇക്വിറ്റി, ഡെബ്റ്റ്, ഇടിഎഫ് ഇതര ആസ്തികളിലുള്ള നിക്ഷേപങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച നിക്ഷേപ പരിധിയോട് കൂടിയാണ് ലൈഫ് സൈക്കിൾ ഫണ്ടുകൾ രൂപകൽപന ചെയ്യപ്പെട്ടിട്ടുമുള്ളത്. അഞ്ച് വർഷമാണ് ലൈഫ് സൈക്കിൾ ഫണ്ടുകളുടെ കുറഞ്ഞ കാലാവധി. പരമാവധി കാലാവധി 30 വർഷവും. ഓരോ അഞ്ച് വർഷ ഇടവേളകളോട് കൂടിയ ലൈഫ് ആറ് (6) സൈക്കിൾ ഫണ്ടുകൾ ഒരു മ്യൂച്ചൽ ഫണ്ട് കമ്പനിക്ക് ഒരേ സമയം തുടങ്ങാനാകും. അതായത് 5,10,15,20,25,30 വർഷ കാലാവധികളിലുള്ള ലൈഫ് സൈക്കിൾ ഫണ്ടുകളായിരിക്കും വിപണിയിൽ ലഭ്യമാകുക.
ലൈഫ് സൈക്കിൾ ഫണ്ടുകളുടെ പ്രത്യേകതകൾ :
മുൻഗാമിയായ സൊല്യൂഷൻ ഓറിയന്റഡ് ഫണ്ടുകളുടെ നിക്ഷേപ പിൻവലിക്കൽ കാലപരിധി കുറഞ്ഞത് അഞ്ചു വർഷമോ അതല്ലെങ്കിൽ സ്കീമുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടതോ ആയിരുന്നെങ്കിൽ, ലൈഫ് സൈക്കിൾ ഫണ്ടുകളിൽ പിൻവലിക്കൽ കാലാവധി പരിധിയൊന്നും തന്നെ വെച്ചിട്ടില്ല. എങ്കിലും, ദീർഘകാല നിക്ഷേപത്തിനുതകുന്ന ഫണ്ടുകളായതു കൊണ്ട്, ഇടക്കാല നിക്ഷേപ പിൻവലിക്കൽ തുകയിൽ ഒരു എക്സിറ്റ് ലോഡ് ചുമത്തുന്നതായിരിക്കും.
നിക്ഷേപം തുടങ്ങി ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമ്പോൾ 3%, രണ്ടു വർഷങ്ങൾക്കുള്ളിൽ പിൻവലിക്കലുകൾക്കു 2%, ആദ്യ മൂന്നു വർഷങ്ങൾക്കുള്ളിലാണ് പിൻവലിക്കലെങ്കിൽ 1% എന്നിങ്ങനെയാണ് എക്സിറ്റ് ലോഡ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷമുള്ള പിൻവലിക്കലുകൾക്ക് നിരക്കുകളൊന്നും ബാധകമായിരിക്കില്ല, അവ തികച്ചും സൗജന്യമായിരിക്കും. ഈ എക്സിറ്റ് ലോഡ് ചട്ടം ഒരു സാമ്പത്തിക അച്ചടക്കം നിക്ഷേപകരിൽ കൊണ്ട് വരാനാണെന്നാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് പറയുന്നത്. (എന്തൊക്കെയായാലും ഈ എക്സിറ്റ് ലോഡിനെ എത്ര കണ്ട് ന്യായീകരിക്കാമെന്നത് ഒരു ചർച്ച വിഷയമാക്കാവുന്നതാണ്.)
ഇക്വിറ്റി, ഡെറ്റ് (കടം) , മറ്റ് നിക്ഷേപ മാർഗങ്ങൾ ( ഗോൾഡ്, സിൽവർ ഇ ടി എഫുകൾ, എക്സ്ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ്, ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്) എന്നിങ്ങനെയുള്ള മൂന്ന് വിഭാഗം ആസ്തികളിലായിരിക്കും ലൈഫ് സൈക്കിൾ ഫണ്ടുകളുടെ ആസ്തി വിഹിതം ഉണ്ടായിരിക്കുക. മൾട്ടി ക്യാപ് ഫണ്ടുകളുടേതു പോലെ തന്നെയാണ് ഇവയുടെ ബെഞ്ച്മാർക് വ്യവസ്ഥകളും.
ഫണ്ടിന്റെ തുടക്കത്തിൽ ഇക്വിറ്റിയിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കുകയും, പിന്നീട്, കാലാവധി പൂർത്തിയാകാനാകുമ്പോൾ വളരെ കുറഞ്ഞ തോതിൽ മാത്രം ഇക്വിറ്റി നിക്ഷേപങ്ങൾ നിലനിർത്തിപ്പോരുകയും ചെയ്യുന്നത് ലൈഫ് സൈക്കിൾ ഫണ്ടിൻ്റെ ഒരു വലിയ സവിശേഷതയാണ്. ദീർഘകാല നിക്ഷേപകരുടെ റിസ്ക് എടുക്കുവാനുള്ള കഴിവ് പ്രായത്തിനനുസരിച്ചു കുറയുമെന്ന പൊതു തത്വത്തിനെ സാധൂകരിക്കുന്നതാണ് ഈ അസറ്റ് അലോക്കേഷന്റെ പിന്നിലെ യുക്തി. കടാധിഷ്‌ഠിതമായ നിക്ഷേപങ്ങളുടെ കാര്യത്തിൽ ഡബിൾ എ (എ എ) റേറ്റിംഗ് ഉള്ളവയിൽ മാത്രമേ നിക്ഷേപം നടത്താവൂ എന്ന നിഷ്കർഷയും ഇവയുടെ നിയമാവലിയിൽ പറയുന്നുണ്ട്.
കമ്മോഡിറ്റി ഡെറിവേറ്റീവ് നിക്ഷേപങ്ങൾ സ്വർണത്തിലോ വെള്ളിയിലോ അധിഷ്‌ഠിതമായിരിക്കണം എന്നും വ്യക്തമായി പറയുന്നുണ്ട്. അതുപോലെ തന്നെ, അഞ്ചു വർഷത്തിൽ താഴെ കാലാവധി ബാക്കി നിൽക്കുമ്പോൾ, ഇക്വിറ്റി നിക്ഷേപങ്ങളോടൊപ്പം തന്നെ 50 ശതമാനം വരെ ഇക്വിറ്റി ആർബിട്രാജ് എക്സ്പോഷർ നിലനിർത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഫണ്ടിന്റെ നാമകരണവേളയിൽ കാലാവധി പൂർത്തിയാകുന്ന വർഷം കൂടെ ഫണ്ടിന്റെ പേരിൽ ഉൾപ്പെടുത്തണം എന്നത്, നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അതാത് കാലഘട്ടത്തിലേക്കുള്ള നിക്ഷേപലക്ഷ്യങ്ങളുമായി ചേർത്ത് വെച്ച് കൊണ്ടുപോകാവുന്ന തരത്തിലാണ്. (ഉദാഹരണം: ലൈഫ് സൈക്കിൾ ഫണ്ട് 2056 )
പ്രത്യക്ഷത്തിലുള്ള പോരായ്മകൾ:
മൾട്ടി ക്യാപ് ഫണ്ടുകളുമായി താരത്യമം ചെയ്യുമ്പോൾ, കാലാവധിക്കനുസരിച്ചുള്ള ഇക്വിറ്റി നിക്ഷേപ വ്യവസ്ഥകൾക്കപ്പുറത്തേക്ക് വലിയ വ്യത്യാസങ്ങളൊന്നും തന്നെ പറയാനില്ല എന്നത് ഒരു പുതിയ സ്കീമെന്ന നിലയിൽ ലൈഫ് സൈക്കിൾ ഫണ്ടുകളുടെ ഒരു പോരായ്മ തന്നെയാണ്. . മൾട്ടി ക്യാപ് ഫണ്ടുകളേക്കാൾ ഉയർന്ന എക്സ്പെൻസ് (ചിലവ്) അനുപാതമാണ് ലൈഫ് സൈക്കിൾ ഫണ്ടുകൾക്കുള്ളതെങ്കിൽ, ഒരു പക്ഷേ, നിക്ഷേപകർക്ക് വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ അലോക്കേഷനുകളുള്ള ഫണ്ടുകളിൽ നിക്ഷേപം നടത്തി മികച്ച നേട്ടങ്ങൾ നേടിയെടുക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ല.
എക്സിസ്റ് ലോഡ് എന്ന വ്യവസ്ഥ തന്നെ അസ്ഥിരതകൾ നിറഞ്ഞു നിൽക്കുന്ന ലോകത്തിൽ നിക്ഷേപകരെ പിന്നോട്ട് വലിച്ചേക്കാവുന്ന ഒന്നാണ്. ദീർഘ കാലത്തേക്കാണ് നിക്ഷേപം നടത്തുന്നതെങ്കിലും അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പൊടുന്നനെ നിക്ഷേപം പിൻവലിക്കേണ്ടുന്ന അവസ്ഥ സംജാതമായാൽ നിക്ഷേപകന് സാരമായ തുക തന്നെ എക്സിറ്റ് ലോഡ് ആയി കൊടുക്കേണ്ടി വരും.
വലിയ ഇടവേളകളില്ലാതെ നടപ്പിലാക്കുന്ന ഘടനാപരമായ മാറ്റങ്ങളൊക്കെ തന്നെ ഇടക്കാലത്തേക്ക് വിപണിയിൽ ഒരു ആശങ്ക സൃഷ്ടിക്കാൻ കാരണമാകും. റിട്ടയർമെന്റ് ഫണ്ടുകളായും കുട്ടികൾക്കുള്ള ഫണ്ടുകളായും നിക്ഷേപം നടത്തിയവർക്കുള്ള മാർഗനിർദേശങ്ങളുണ്ടെങ്കിൽ തന്നെ, തങ്ങൾ നടത്തിയ നിക്ഷേപ പദ്ധതികൾ നിർത്തലാക്കുന്നുവെന്നത് നിക്ഷേപകരിൽ ഒരു ചെറിയ അങ്കലാപ്പെങ്കിലും ഉണ്ടാക്കാതെ പോകില്ല .
ഉപസംഹാരം :
വിപണിയിലെ നിക്ഷേപകർക്ക് പൊതുവായുള്ള ലാഭ നഷ്ട സാദ്ധ്യതകൾ ഒക്കെയും ലൈഫ് സൈക്കിൾ ഫണ്ടുകളിലുമുണ്ട്. ഒരു നിക്ഷേപത്തിന്റെ ആകർഷത എന്നത് ലാഭ നഷ്ട സാദ്ധ്യതകൾ, അതിന്റെ കാലാവധി, എളുപ്പത്തിൽ നിക്ഷേപം നടത്തിയെടുക്കാനുള്ള മാർഗങ്ങളുടെ സാന്നിധ്യം എന്നിവയോടൊപ്പം തന്നെ കുറഞ്ഞ ചിലവിൽ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സാധ്യതകളെയും ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ, എക്സിറ്റ് ലോഡ് എന്നത് ലൈഫ് സൈക്കിൾ ഫണ്ടുകൾക്ക് ഒരു വലിയ ബാധ്യത തന്നെ ആയിരിക്കും.






