
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ, പൊതു ഡാറ്റകള്‍ ഉള്‍ക്കൊള്ളിച്ച ഇന്ത്യന്‍ സര്‍ക്കാറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പ്ലാറ്റ് ഫോം ,ഇന്ത്യഎഐ പ്രോഗ്രാം ഏപ്രിലില്‍ ആരംഭിക്കും. ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചതാണിത്. പൊതുവായി അസംബിള്‍ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെറ്റുകളിലൊന്നായിരിക്കും ഇത്.
ഫിന്‍ടെക് ആവാസവ്യവസ്ഥയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ അടുത്ത തലമുറ ഫിന്‍ടെക്, ഇന്റര്‍നെറ്റ് ഭാഗങ്ങള്‍ക്ക് ചാലക ശക്തിയാകാന്‍ പ്ലാറ്റ്‌ഫോമിനാകും.ദേശീയ മാധ്യമം സംഘടിപ്പിച്ച ഫിന്‍ടെക് കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, ഡിജിറ്റല്‍ ഇന്ത്യ ആക്ട് എന്നിവ പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കളോടും പൗരന്മാരോടും പെരുമാറുന്ന രീതി മാറ്റിമറിക്കും.
ഡിജിറ്റല്‍ ഇന്ത്യ നിയമത്തിന്റെ ചട്ടക്കൂടിനെക്കുറിച്ചുള്ള കൂടിയാലോചന മാര്‍ച്ച് 9 ന് ബെംഗളൂരുവില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തിലാണ് നാഷണല്‍ ഡാറ്റാ ഗവേണന്‍സ് ഫ്രെയിംവര്‍ക്ക് പോളിസി എന്നറിയപ്പെടുന്ന ഇന്ത്യ എഐ പ്രോഗ്രാം അവതരിപ്പിച്ചത്.
‘സ്റ്റാര്‍ട്ടപ്പുകളും അക്കാദമികളും നവീകരിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഒരു ഡാറ്റാ ഗവേണന്‍സ് പോളിസി കൊണ്ടുവരും. ഇത് വിവിധ ഡാറ്റയിലേക്ക് പ്രവേശനം സാധ്യമാക്കും,’ സീതാരാമന്‍ അന്ന് പറഞ്ഞു.
2022-ല്‍, ഐടി മന്ത്രാലയം ദേശീയ ഡാറ്റാ ഗവേണന്‍സ് ഫ്രെയിംവര്‍ക്ക് നയത്തിന്റെ (NDGFP) കരട് പുറത്തിറക്കിയിരുന്നു. ഡാറ്റാസെറ്റുകളുടെ ഒരു വലിയ ശേഖരം നിര്‍മ്മിക്കുന്നതിനും ഗവേഷകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഉപയോഗത്തിനായി വ്യക്തിഗതമല്ലാത്ത ഡാറ്റ പങ്കിടുന്നതിനും ഊന്നല്‍ നല്‍കുന്നതാണിത്.