
ന്യൂഡല്‍ഹി: തൊഴിലാളി ക്ഷേമ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് നടത്തും. 2026 മുതല്‍ ഇത് പ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിക്കും. റാങ്കിംഗ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് പോളിസി ഇവാല്വേഷന്‍ ഇന്‍ഡെക്‌സ് അല്ലെങ്കില്‍ എല്‍ഇപിഇഐ സംവിധാനത്തിന്റെ ഭാഗമായിട്ടാണിത്.
തൊഴില്‍ നയങ്ങളുടെ ഫലപ്രാപ്തി അടിസ്ഥാനമാക്കിയായിരിക്കും റാങ്കിംഗ്. ജീവനക്കാരുടെ പരാതികള്‍ കുറയ്ക്കുക, അനൗപചാരിക ജോലികള്‍ ഔപചാരികമാക്കുക, സ്ത്രീകളുടെ സാന്നിധ്യം, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ഡാറ്റ ശേഖരിക്കുകയും അവ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഓരോ മേഖലയും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്ന സംസ്ഥാനതല ഡാഷ്ബോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ഈ ഡാറ്റ ഉപയോഗിക്കും.
എല്‍ഇപിഇഐ വഴി ശേഖരിക്കുന്ന തൊഴില്‍ സ്ഥിതി വിവരക്കണക്കുകള്‍ ആഗോള സ്ഥാപനമായ ലേബര്‍ ഓര്‍ഗനൈസേഷനുമായി (ഐഎല്‍ഒ) പങ്കിടും. അവരിത് ഐഎല്‍ഒസ്റ്റാറ്റ് ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്തും. തൊഴിലില്ലായ്മ നിരക്കും വേതന നിലവാരവും നിരീക്ഷിക്കുന്ന സംവിധാനമാണിത്.
മികച്ച തൊഴില്‍ സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങള്‍ക്ക് എഇപിഇഐ റാങ്കിംഗ് മുഖേന കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യക്തമായ തൊഴില്‍ നിയമങ്ങളുള്ള, ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന, പ്രദേശങ്ങളെയാണ് നിക്ഷേപകര്‍ ഇഷ്ടപ്പെടുന്നത്.