
കൊച്ചി: വൈദ്യുതി ബോര്ഡില് ഓഫീസ് സംവിധാനങ്ങളിലും ഉദ്യോഗസ്ഥതലത്തിലും ഉടന് സമൂലമാറ്റമുണ്ടാകും. പുനഃസംഘടനാ നിര്ദേശങ്ങളില് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന് ബോര്ഡിന് സംസ്ഥാന ഊര്ജവകുപ്പ് നിര്ദേശം നല്കി. പ്രിന്സിപ്പല് സെക്രട്ടറി കെ.ആര്. ജ്യോതിലാലാണ് കെ.എസ്.ഇ.ബി. സി.എം.ഡി.ക്ക് രേഖാമൂലമുള്ള നിര്ദേശം നല്കിയത്.
പ്രധാനപ്പെട്ട ഓഫീസുകളിലെ തസ്തികകള് ഒഴിഞ്ഞുകിടക്കുന്നതില് ഉടന് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു. വിതരണം, പ്രസരണം, ഉത്പാദനം, സിസ്റ്റം ഓപ്പറേഷന്, കോര്പ്പറേറ്റ് ഓഫീസ്, സിവില് എന്നിങ്ങനെ ആറുവിഭാഗങ്ങളിലാണ് പുനഃസംഘടന നടപ്പാക്കുക.
നിലവില് ഓരോ സെക്ഷന് ഓഫീസിലും മെയിന്റനന്സ്, റവന്യൂ, ബ്രേക്ക്ഡൗണ് എന്നീ വിഭാഗങ്ങളുണ്ട്. സബ് എന്ജിനിയറും താഴെവരുന്ന ജീവനക്കാരും ഇതിന്റെഭാഗമാണ്. ഒരു സെക്ഷന് ഓഫീസിന് കീഴിലുള്ള എല്ലാജോലികളും ഈ മൂന്നു വിഭാഗങ്ങളാണ് ചെയ്യുക.
പുനഃസംഘടന വരുന്നതോടെ സെക്ഷന് ഓഫീസുകളില് കണക്ഷന് നല്കലും വൈദ്യുതി മുടങ്ങിയാലുള്ള അടിയന്തര ജോലികളും പണം സ്വീകരിക്കലും മാത്രമാകും. അതിനുള്ള ജീവനക്കാരെ മാത്രം നിലനിര്ത്തും. സെക്ഷന് ഓഫീസുകളിലേക്കുള്ള എല്ലാ അപേക്ഷകളും ഓണ്ലൈനാക്കും.
നിര്മാണപ്രവര്ത്തനങ്ങളും അറ്റകുറ്റപ്പണിയും സബ് ഡിവിഷണല് ഓഫീസിലേക്ക് മാറും. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്ജിനിയറുടെ ഓഫീസിന്റെ ചുമതലയിലാകും ഈ ജോലികള്.
പ്രസരണം
അറ്റകുറ്റപ്പണിക്ക് നിലവില് ഓരോസബ് സ്റ്റേഷനിലും ജീവനക്കാരുണ്ട്. ഇതിനുപകരം സബ്ഡിവിഷന് തലത്തില് മെയിന്റനന്സ് ഗ്യാങ് വരും. ഇവരാകും സബ്ഡിവിഷനു കീഴിലുള്ള പത്തോളം സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുക. സബ് സ്റ്റേഷനുകളില് ഇപ്പോഴുള്ള ജീവനക്കാര് സബ്ഡിവിഷനിലേക്ക് മാറേണ്ടിവരും. ഇവിടെയും ആകെ ജീവനക്കാരുടെ എണ്ണത്തില് കുറവുണ്ടാകും.
ഉത്പാദനം
കാര്യമായ മാറ്റങ്ങളില്ല. നിര്മാണ പ്രവര്ത്തനങ്ങള് സിവില് എന്ജിനിയറുടെ കീഴിലേക്കുമാറും. വിതരണം, പ്രസരണം, ഉത്പാദനം എന്നീ മൂന്നുവിഭാഗങ്ങളിലെ സിവില് ജീവനക്കാര് സിവില് ചീഫ് എന്ജിനിയറുടെ കീഴിലേക്കുമാറും. ഓരോവിഭാഗത്തിലും സ്ഥിരം തസ്തികകളുണ്ടാവില്ല.
പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ ജീവനക്കാരെ സിവില് ചീഫ് എന്ജിനിയര് താത്കാലികമായി വീതിച്ചുനല്കും.