
മാനേജിംഗ് കൺസൾട്ടിംഗ് ഉപദേശം നൽകുന്നതിനായി കാനഡ ലക്ഷക്കണക്കിന് ഡോളർ ചിലവഴിച്ച് ആഗോള പ്രൊഫഷണൽ സേവന കമ്പനിയായ കെപിഎംജിയെ നിയമിച്ചതായി റിപ്പോർട്ട്.
മന്ത്രി ജോനാഥൻ വിൽക്കിൻസൺ നയിക്കുന്ന പ്രകൃതിവിഭവ വകുപ്പ് കെപിഎംജിക്ക് $669,650 അനുവദിച്ചതായി കനേഡിയൻ പാർലമെന്റിനെ ഉദ്ധരിച്ച്, ദി ഗ്ലോബ് ആൻഡ് മെയിൽ അതിന്റെ റിപ്പോർട്ടിൽ പറയുന്നു.
ആയിരം ഡോളറിന്റെ കരാറിൽ കനേഡിയൻ പൗരൻമാരുടെ നികുതി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും “അവർക്ക് ഏറ്റവും പ്രാധാന്യമുള്ളത്” എങ്ങനെ മുൻഗണനകളിൽ ഉൾപ്പെടുത്തി നിക്ഷേപിക്കാമെന്നും ചർച്ച ചെയ്തു.
2015-ൽ ലിബറൽ പാർട്ടി, ബാഹ്യ കൺസൾട്ടന്റുമാരുടെ ഉപയോഗം വെട്ടിക്കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തതിൽ നിന്ന് നിലവിൽ കനേഡിയൻ ഗവൺമെന്റിന്റെ ഔട്ട്സോഴ്സിംഗ് ചെലവ് കുത്തനെ വർദ്ധിച്ചതായി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു.
ട്രഷറി ബോർഡ് പ്രസിഡന്റ് അനിത ആനന്ദ്, നിലവിൽ കനേഡിയൻ ഗവൺമെന്റിന്റെ ചെലവിടൽ പദ്ധതികളിൽ നിന്ന് ഏകദേശം 15 ബില്യൺ ഡോളർ ലാഭിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കാനഡയിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും അവരുടെ നിർദ്ദിഷ്ട വെട്ടിക്കുറവുകൾ അവലോകനത്തിനായി സമർപ്പിക്കാൻ ഒക്ടോബർ 2-ന് ടാർഗെറ്റ് നൽകിയിരുന്നു.
കെപിഎംജി “ഐടി കോസ്റ്റ് ഒപ്റ്റിമൈസേഷൻ” എന്നതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആ റിപ്പോർട്ടിൽ ഐടി കരാറുകാരെക്കുറിച്ചുള്ള പിന്തുണാ രേഖകൾ, ഡൊമെയ്ൻ വിനിയോഗം, പ്രിന്റർ ഏകീകരണം, സോഫ്റ്റ്വെയർ അസറ്റ് മാനേജ്മെന്റ്, ഓരോ മേഖലയിലും ചെലവ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.