
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിൽ കോവളത്തെ പ്രീമിയം ബീച്ച്–ലക്ഷ്വറി ഡെസ്റ്റിനേഷനായി പുനഃ ബ്രാൻഡ് ചെയ്യണമെന്ന് വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. കോവളത്തിന്റെ പഴയ പ്രൗഡി വീണ്ടെടുക്കുകയും ചെയ്യുന്നതിന് സമഗ്ര ഇടപെടലുകൾ അനിവാര്യമാണെന്ന് പ്രധാന ടൂറിസം, ഹോസ്പിറ്റാലിറ്റി സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നൈറ്റ് ലൈഫ് വികസനം, സർഫിംഗ് പ്രമോഷൻ, പുതിയ എന്റർടെയിൻമെന്റ് സോണുകൾ, പൂൾ ബെഡുകൾ, ശക്തമായ ഇൻഫ്രാസ്ട്രക്ചർ നവീകരണം എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ നിർദേശങ്ങളാണ് ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത്. ദക്ഷിണ കേരള ഹോട്ടലിയേഴ്സ് ഫോറം, കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, അസോസിയേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ ചേർന്ന് രൂപപ്പെടുത്തിയ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് നിർദേശങ്ങൾ തയ്യാറാക്കിയത്.
കഴിഞ്ഞ വർഷങ്ങളിലായി കോവളത്തിന്റെ ആകർഷണം കുറയുകയും വിദേശ വിനോദസഞ്ചാരികളുടെ വരവ് വൻതോതിൽ ഇടിവ് കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര പുനഃ നിർമാണ നിർദേശങ്ങൾ ഉയർന്നത്. സംസ്ഥാനത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായിട്ടും, പ്രതീക്ഷിക്കുന്ന വളർച്ച കൈവരിക്കുന്നില്ല എന്നും സംഘടനകൾ ചൂണ്ടിക്കാണിച്ചു.
യോഗത്തിൽ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പൊതു സൗകര്യങ്ങളുടെ ഗുണമേന്മ, പാതകളും ബീച്ച്ഫ്രണ്ടും ഉൾപ്പെടെയുള്ള പ്രധാന മേഖലകളുടെ പുനഃക്രമീകരണമാണ് ഏറ്റവും അടിയന്തരം എന്ന് വിലയിരുത്തി. കോവളത്തിന്റെ ഇമേജ് പുതുക്കി ആഗോള തലത്തിൽ ശക്തമായ പ്രമോഷനോട് കൂടിയ പുനഃ ബ്രാൻഡിംഗ് നടത്തണമെന്നാണ് അഭിപ്രായം. നൈറ്റ് ലൈഫ് ശക്തിപ്പെടുത്തൽ, ഇവന്റ് കലണ്ടറിന്റെ ഭാഗമായി ഒരു മാസത്തെ ‘കോവളം ബീച്ച് ഫെസ്റ്റ്’ സംഘടിപ്പിക്കൽ എന്നിവയും നിർദേശിച്ചു. വർക്കലയും ഗോവയും പോലെ സജീവമായ നൈറ്റ് ലൈഫ് സൃഷ്ടിക്കുകയാണെങ്കിൽ വിദേശ സന്ദർശകരുടെ വരവ് ഗണ്യമായി ഉയരുമെന്നും സർഫിംഗ് ഫെസ്റ്റിവലുകൾ ആരംഭിക്കുന്നത് സാധ്യത വർധിപ്പിക്കുമെന്നും സംഘടനകൾ അഭിപ്രായപ്പെട്ടു.
ടെക്നോപാർക് സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതുപോലെ കോവളത്തെയും ‘മേജർ ടൂറിസം സോൺ’ ആയി പ്രഖ്യാപിക്കണമെന്ന് അവർ സർക്കാരിനോട് അഭ്യർഥിച്ചു. പ്രദേശം പൂർണമായി പ്ലാസ്റ്റിക്-രഹിതമാക്കലും നിർദേശത്തിന്റെ ഭാഗമാണ്. കോവളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ പാർക്കിംഗ് സൗകര്യ കുറവ്, മോശമായി പരിപാലിച്ച ആക്സസ് റോഡുകൾ, ശുചിത്വമുള്ള പൊതു ശൗചാലയങ്ങളുടെ അഭാവം, മലിന ജല മാനേജ്മെന്റിലെ അപാകത, മാലിന്യം സമയത്ത് നീക്കം ചെയ്യാത്തത് എന്നിവയും ഉൾപ്പെടുന്നു. ചില ആന്തരിക റോഡുകൾ ഏകദിശയാക്കൽ, നടപ്പാതകൾ വീതികൂട്ടൽ, ലൈറ്റിംഗ് മെച്ചപ്പെടുത്തൽ, ഇലക്ട്രിക് കേബിളുകൾ ഭൂഗർഭത്തിലാക്കൽ എന്നിവയും നിർദേശമായി ഉയർന്നു.
സ്റ്റാർ ഹോട്ടലുകൾക്ക് ബിസിനസ് നിലനിൽക്കുന്നുണ്ടെങ്കിലും 10–20 മുറികളുള്ള ചെറിയ ഹോട്ടലുകൾക്ക് ആണ് കൂടുതൽ ഗുണകരമാവുന്നതെന്നും ഇവയാണ് പ്രദേശത്ത് ഏറ്റവും കൂടുതൽ റൂം ഇൻവെന്ററി കൈവശം വെയ്ക്കുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാണിച്ചു. ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങൾ ഉടൻ സർക്കാരിന് സമർപ്പിക്കും. 2024-ൽ 79,043 വിദേശസഞ്ചാരികളുമായി കോവളം സംസ്ഥാനത്തെ ഏറ്റവുമധികം വിനോദസഞ്ചാരികളെത്തിയ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.






