
ഡൽഹി: ജിഎസ് വെഞ്ചേഴ്‌സ്, സിജെ ഇൻവെസ്റ്റ്‌മെന്റ്, മിറെ അസറ്റ് സെക്യൂരിറ്റീസ്, എൻകോർ വെഞ്ച്വേഴ്‌സ്, പ്യുർ ഇൻവെസ്റ്റ്‌മെന്റ് എന്നിവ നേതൃത്വം നൽകിയ സീരീസ് സി ഫണ്ടിംഗ് റൗണ്ടിൽ 200 കോടി രൂപ (25 ദശലക്ഷം ഡോളർ) സമാഹരിച്ച് കൊറിയ ആസ്ഥാനമായുള്ള പിസ്സ ബ്രാൻഡായ ഗോപിസ്സ.
പുതിയ കാലത്തെ റോബോട്ടിക്, എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യകളുടെ പിന്തുണയോടെയുള്ള ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾക്കായി പുതിയ മൂലധനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഇന്ത്യ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ 160 ഔട്ട്‌ലെറ്റുകളുള്ള ഒരു പ്രമുഖ പിസ്സ ശൃംഖലാണ് ജെയ് വോൺ ലിം 2016-ൽ സ്ഥാപിച്ച ഗോപിസ്സ. ഇന്ത്യ കമ്പനിയുടെ ഒരു പ്രധാന വിപണി ആയതിനാൽ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ വിപണിയിലേക്ക് ആയിരിക്കുമെന്നും. രാജ്യത്ത് 100-ലധികം സ്റ്റോറുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ഗോപിസ സിഇഒ ജെയ് വോൺ ലിം പറഞ്ഞു.
കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ 15 ഓളം ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ആഗോളതലത്തിൽ തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നി പുതിയ വിപണികളിലേക്ക് ബ്രാൻഡ് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഗോപിസ്സ കൂട്ടിച്ചേർത്തു.