
കൊച്ചി: കൂത്താട്ടുകുളം പൈനാപ്പിൾ ദുബായിലേക്ക് കയറ്റുമതി ചെയ്തു. മണ്ണത്തൂരിലെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് പച്ച പൈനാപ്പിൾ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആദ്യ ലോഡ് മണ്ണത്തൂരിൽ നിന്നും കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ കീഴിൽ വരുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു.
20 ടണ്ണാണ് ആദ്യ ഘട്ടത്തിൽ കയറ്റി അയച്ചത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് കപ്പലിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്. ദീർഘ സമയം യാത്രയുള്ളതിനാലാണ് 125 ദിവസമെത്തിയ പച്ച പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേക രീതിയിൽ പായ്ക്ക് ചെയ്ത് കട്ടിക്കൂടുകളിൽ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണ് കയറ്റുമതി. വിമാനത്തിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണെന്നതാണ് കപ്പൽ തെരഞ്ഞെടുക്കാൻ കാരണമായത്. കൂടാതെ ചെറിയ അളവിൽ മാത്രമാണ് വിമാനത്തിൽ അയയ്ക്കാനും സാധിക്കുകയുളളൂ. അതേസമയം, കപ്പലുകളിൽ കുറഞ്ഞ ചെലവിൽ കൂറ്റൻ കണ്ടെയ്നറുകളിൽ ടൺ കണക്കിന് പൈനാപ്പിൾ കൊണ്ടുപോകാനാകും.






