ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കേരളത്തെ “മീറ്റിങ് ഇൻഡസ്ട്രി” വേദിയാക്കാനുള്ള ശ്രമത്തിൽ സിയാല്‍

കൊച്ചി: കേരളത്തെ “മീറ്റിങ് ഇൻഡസ്ട്രി”ക്ക് വേദിയാക്കാനുള്ള ശ്രമത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി സിയാല്‍. അന്താരാഷ്ട്ര നയതന്ത്ര സമ്മേളനങ്ങൾ, ബിസിനസ് കൂടിക്കാഴ്ച്ചകള്‍ തുടങ്ങിയവ രാജ്യാന്തര നിലവാരത്തിൽ പ്രൊഫഷണൽ മികവോടെ നടത്തിക്കൊടുക്കുന്ന വ്യവസായമാണ് മീറ്റിങ് ഇൻഡസ്ട്രി.

ഇതിനായി ചാര്‍ട്ടര്‍ ഗേറ്റ്‍ വേ എന്ന ആശയം മുന്നോട്ടുവെക്കുകയാണ് കൊച്ചി വിമാനത്താവളം. സിയാലിൽ ഡിസംബര്‍ പത്തിന് ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെർമിൽ രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേയാണ്. കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറയുന്നു.

ചാർട്ടേഡ് / സ്വകാര്യവിമാനങ്ങൾക്കും അതിലെ യാത്രക്കാർക്കും പ്രത്യേകമായ സേവനം നൽകുക എന്നതാണ് സാധാരണയായി ബിസിനസ് ജെറ്റ് ടെർമിനലുകളുടെ പ്രവർത്തനം. ചാർട്ടേഡ് ഗേറ്റ് വേ എന്ന ആശയം കുറച്ചുകൂടി സമഗ്രമാണ്.

രാജ്യാന്തര സമ്മേളനങ്ങൾ, ബിസിനസ് മീറ്റുകൾ, മീറ്റിങ്-ഇൻസന്റീവ്-കോൺഫറൻസ് എന്നറിയപ്പെടുന്ന ‘ മിക് ‘ കൂടിക്കാഴ്ചകൾ ഇവയെ വിമാനത്താവള നടത്തിപ്പുകമ്പനിയുടെ ആഭിമുഖ്യത്തിൽ ഏകോപിപ്പിക്കുക, അത്തരം സമ്മേളനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ചാർട്ടർ ഗേറ്റ് വേയ്ക്കുള്ളത്. – എസ്. സുഹാസ് വിശദീകരിക്കുന്നു.

ഒരുപിടി വമ്പൻ മീറ്റിങ്ങുകള്‍ക്കാണ് കേരളം ഉടൻ വേദിയാകുന്നത്. അടുത്ത വര്‍ഷത്തെ ജി-20 മിനിസ്റ്റീരിയൽ സമ്മേളനം കേരളത്തിൽ നടക്കുമെന്നാണ് കരുതുന്നത്. ഐ.പി.എൽ ലേലം ഇത്തവണ കൊച്ചിയിലാണ്.

ക്രിക്കറ്റ് മത്സരങ്ങൾ, ഐ.ടി.സമ്മേളനങ്ങൾ, ഡിസൈൻ സമ്മിറ്റുകൾ തുടങ്ങിയ പരിപാടികള്‍ക്ക് അതിഥേയത്വം വഹിക്കുകയും വരുമാനം നേടാനുമാകും. ഈ മേഖലയിലെ വളര്‍ച്ചയിലെ ആദ്യ ചുവടുവെപ്പായാണ് സിയാൽ കൊച്ചിയിലെ ബിസിനസ് ജെറ്റ് ടെർമിനലിനെ കാണുന്നത്.

ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ വിമാനത്താവള നടത്തിപ്പ് മാത്രമല്ല, അനുബന്ധ വിനോദ സഞ്ചാര, ബിസിനസ് കോൺഫറൻസുകളെ ഏകോപിപ്പിക്കാനും സിയാലിന് കഴിയുമെന്ന് എസ്. സുഹാസ് പറയുന്നു.

“വൻതുക ഈടാക്കാതെ ചാർട്ടർ വിമാനങ്ങളെ ഇവിടെ എത്തിക്കാനാകും. ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ഒക്കെ കേരളത്തിൽ ധാരാളമായി നടക്കുന്നു. ഉത്തരേന്ത്യയിൽ നിന്നും ഗൾഫിൽ നിന്നൊക്ക ഇതിനായി ആൾക്കാർ എത്തുന്നുണ്ട്.

ഇത്തരമൊരു സത്ക്കാരത്തിനായി 10 പേർ സാധാരണ യാത്രാവിമാനത്തിന്‍റെ ബിസിനസ് ക്ലാസിൽ വരുന്നതിനുപകരം ഒരു വിമാനം ചാർട്ടർ ചെയ്ത് വരാം. അതിന് അനുസരിച്ച് പാർക്കിങ്, ലാൻഡിങ്, അനുബന്ധ സേവനങ്ങൾ എന്നിവയുടെ നിരക്ക് ക്രമീകരിക്കാൻ സിയാൽ ഒരുക്കമാണ്.

ബിസിനസ് ജെറ്റ് യാത്രയെ കൂടുതൽ ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. അഫോർഡബിൾ ചാർട്ടേഡ് ഫ്‌ളൈയിങ് എന്നാണ് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ വിശേഷണ വാക്യം.”
ചാർട്ടർ ഗേറ്റ്‌വേയുടെ ഭാഗമായി ടൂറിസം, വിദേശ വിദ്യാഭ്യാസം, ഹോട്ടൽ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികളെ ഉൾപ്പെടുത്തി ‘കൊച്ചിൻ ട്രാവൽ ആന്‍റ് ടൂറിസം ഫ്രറ്റേണിറ്റി’ എന്ന സഖ്യത്തിന് സിയാൽ രൂപം കൊടുത്തിട്ടുണ്ട്.

ഈ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലമായ യോഗങ്ങൾ നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ പദ്ധതികൾ നടപ്പിലാക്കുമെന്നും സിയാൽ മാനേജിങ് ഡയറക്ടര്‍ പറയുന്നു.

സേവന മേഖലയിൽ കേരളം വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്നാണ് സിയാൽ അവകാശപ്പെടുന്നത്.

കേന്ദ്ര ഇക്കണോമിക് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്‍റെ കണക്കനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദന (ജി.എസ്.ഡി.പി)ത്തിൽ കേരളം 12.01% വളർച്ച രേഖപ്പെടുത്തി. 8.43% ദേശീയ ശരാശരി.

കേരളത്തിലെ ഹോട്ടൽ, റസ്റ്ററന്റ് വിപണി 114.03% വ്യോമയാന മേഖല 74.94% വളർച്ച നേടിയിട്ടുണ്ട്. വ്യോമയാന മേഖലയിലും സൽക്കാര, സമ്മേളന വ്യവസായങ്ങളിലും കേരളം കൂടുതൽ നിക്ഷേപം നടത്തണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് എസ്. സുഹാസ് പറയുന്നത്.

X
Top