
തിരുവനന്തപുരം: കേരളം സ്മാർട്ട് ഗവേണൻസ് ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, സർക്കാർ പ്രവർത്തനങ്ങൾക്ക് പുതിയ മുഖം നൽകുകയാണ് സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെഫോണ്‍ അഥവാ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വർക്ക്. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ കേരളത്തിലങ്ങോളമുള്ള സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ സ്വച്ഛവും അതിവേഗത്തിലുമാക്കി മാറ്റാൻ കെഫോൺ കാരണമായി. കെഫോണിൻറെ കടന്ന് വരവ് സർക്കാർ ഓഫിസുകളിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല എല്ലാവിധ സർക്കാർ സേവനങ്ങളും യാതൊരു തടസ്സവുമില്ലാതെ പൊതുജനങ്ങളിലേക്കെത്തുന്നതിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ വലിയ അവസരങ്ങളാണ് ഓരോ വ്യക്തിക്ക് മുന്നിലുമെത്തിക്കുന്നത്. സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്ര അസമത്വങ്ങളില്ലാതെ കേരളത്തിലുടനീളം എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് കെഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സമഗ്രമായ ഒരു ഇന്റര്‍നെറ്റ് ശൃംഖല സ്ഥാപിക്കുന്നതിനും ഡിജിറ്റല്‍ വിടവ് നികത്തുന്നതിനും കെഫോണ്‍ പദ്ധതിയിലൂടെ സാധിച്ചു. രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് നേടിയതിലൂടെ ഭാവിയിലും വലിയ ലക്ഷ്യങ്ങളാണ് കെഫോൺ ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാനത്തെ 24,763 സർക്കാർ ഓഫീസുകളിൽ കെഫോൺ കണക്ഷനുകൾ നിലവിൽ ലഭ്യമാണ്. ബാക്കി സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ സ്കൂളുകൾ, ആശുപത്രികൾ, പഞ്ചായത്ത് ഓഫീസുകൾ, ബ്ലോക്ക് ഓഫീസുകൾ തുടങ്ങി ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർസ്ഥാപനങ്ങളാണ് പ്രധാനമായും ഉൾപ്പെടുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂൺ മുതൽ നിയമസഭയിലും കെഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്.
സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ കെഫോൺ കണക്ഷനുകൾ നൽകുന്നതിലൂടെ ഡിജിറ്റല്‍ ലോകത്തെ കുഞ്ഞു കൗതുകങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്കൊരുക്കുക, അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനങ്ങളിലും സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും പങ്കെടുക്കാനുള്ള അവസരം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് കെഫോണ്‍ ലക്ഷ്യമിടുന്നത്.
ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും കണക്ഷൻ ലഭിച്ചതോടെ റിമോട്ട് കൗൺസലിംഗ്, രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത്, അടിയന്തര രോഗനിർണയം എന്നിവ ദ്രുതഗതിയിൽ സാധ്യമായി. ഇതിലൂടെ രോഗികൾക്ക് ആവശ്യമായ സേവനം കൃത്യ സമയത്ത് ഉറപ്പാക്കുവാനും കഴിഞ്ഞു.
കെഫോൺ വെറും ഇന്റർനെറ്റ് കണക്ഷൻ മാത്രമായി ഒതുങ്ങാതെ, സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സമയബന്ധിതത്വവും ഉറപ്പാക്കുന്നതിലും വലിയ പങ്ക് കെഫോൺ വഹിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കെഫോണിന്റെ പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കുന്നതിനായി എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കെഫോണ്‍ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFONPlans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.