
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി സര്‍ക്കാര്‍വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തും. വിജ്ഞാപനത്തിന്റെ കരട് ഇറങ്ങി. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 20 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഭേദഗതി.
സമവര്‍ത്തിപ്പട്ടികയില്‍ കേന്ദ്രത്തിന് വിരുദ്ധമായ നിയമനിര്‍മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിര്‍മാണമെന്നും ആക്ഷേപമുണ്ട്.
2021-ലെ കേന്ദ്രസര്‍ക്കാരിന്റെ പഴയവാഹനം പൊളിക്കല്‍ നയത്തെത്തുടര്‍ന്ന് 15 വര്‍ഷം പിന്നിട്ട 4500 സര്‍ക്കാര്‍ വാഹനങ്ങളുടെയും 1115 കെഎസ്ആര്‍ടിസി ബസുകളുടെയും രജിസ്ട്രേഷന്‍ റദ്ദായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍, പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി. നടപടിക്ക് അധികപരിരക്ഷ നല്‍കാനാണ് നിയമഭേദഗതി.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘വാഹന്‍’ വെബ്സൈറ്റില്‍ ഇവയുടെ രജിസ്ട്രേഷന്‍ റദ്ദായതിനാല്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്റ്ററില്‍ എഴുതിയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ആറുമാസത്തിനുള്ളില്‍ 900 ബസുകളുടെ രജിസ്ട്രേഷന്‍കൂടി റദ്ദാകും.
പൊതുമേഖലാ റോഡ് ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പ്പറേഷനുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാതെയും വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുള്ളതുകൊണ്ടാണ് കാലാവധി കഴിഞ്ഞ ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നത്.
നഷ്ടപരിഹാരം സ്വന്തംനിലയ്ക്ക് നല്‍കുകയാണ്. അംഗീകൃത പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാത്തതിനാല്‍ കാലാവധികഴിഞ്ഞ സര്‍ക്കാര്‍വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.






