തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചുവരവിന്റെ സൂചന നൽകി കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. 2021ൽ ജനുവരി മുതൽ മേയ് വരെ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ–റെറ)യിൽ 46 പദ്ധതികളാണു റജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഇതേ സമയം റജിസ്റ്റർ ചെയ്ത പദ്ധതികളുടെ എണ്ണം 95 ആയി. കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണച്ചുമതല വഹിക്കുന്ന അതോറിറ്റിയാണു കെ–റെറ.
2021 അവസാനിക്കുമ്പോൾ റെറയിൽ ആകെ റജിസ്റ്റർ ചെയ്ത പദ്ധതികൾ 645 ആയിരുന്നു. ഈ വർഷം 95 പദ്ധതികൾ കൂടിയായതോടെ ആകെ പദ്ധതികൾ 740 ആയി. ആദ്യപാദത്തിൽ തന്നെ നൂറിനടുത്തെത്തിയ സ്ഥിതിക്ക് ഈ വർഷം ഇനിയുള്ള മാസങ്ങളിൽ വലിയ കുതിപ്പാണു വിപണി പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ 95 പദ്ധതികളിൽ ഏറ്റവുമധികം(65) ഫ്ലാറ്റ് സമുച്ചയങ്ങളാണ്. 23 വില്ല പദ്ധതികളും റജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം 29 ഫ്ലാറ്റ് സമുച്ചയവും 15 വില്ല പദ്ധതികളുമാണുണ്ടായിരുന്നത്. എറണാകുളവും തിരുവനന്തപുരവുമാണു റിയൽ എസ്റ്റേറ്റ് മേഖലയിൽ മത്സരിക്കുന്ന ജില്ലകൾ. എറണാകുളത്ത് ഈ വർഷം റജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികൾ 48 ആണെങ്കിൽ തൊട്ടു പിന്നിലുള്ളതു തിരുവനന്തപുരമാണ്– 38.കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നല്ല ചലനങ്ങളുണ്ടാകുന്നതിന്റെ സൂചനയുണ്ടെന്ന് കെ–റെറ ചെയർമാൻ പി.എച്ച്.കുര്യൻ പറഞ്ഞു.