
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ബജറ്റും ജനപ്രിയമാക്കാനാണ് ശ്രമിച്ചിട്ടുളളത്. പുതിയ ബജറ്റ് ജനപ്രിയവും ആശ്വാസം പകരുന്നതുമാകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ മേഖലയിലുള്ളവർക്കും ഉപകാരപ്രദമാകുന്ന ബജറ്റായിരിക്കും.
ഇക്കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട തനത് സാമ്പത്തിക സ്ഥിതി വരുമാനം, പൊതുവിലുള്ള കടം കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം.
സാമ്പത്തിക രംഗത്ത് അച്ചടക്കവും മുന്നേറ്റവും ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രം പാർലമെന്റിൽ തന്നെ പറയുകയുണ്ടായി അങ്ങിനെയുള്ള സംസ്ഥാനത്തിന് എങ്ങിനെയാണ് സാമ്പത്തിക ബുദ്ധിമുട്ട് വരുന്നത്, അത് കേന്ദ്രം കൈക്കൊള്ളുന്ന ചില രാഷ്ട്രീയപരമായ കാര്യങ്ങളുടെ ഭാഗമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾക്ക് അപകടം ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ നയങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.പ്രശ്നങ്ങൾ പ്രതിസന്ധികളിലേക്ക് കൊണ്ടുപോകില്ല.
വായ്പാപരിധി ഇത്രയും വെട്ടികുറച്ചിട്ടും കേരളം എങ്ങിനെ പിടിച്ചു നിൽക്കുന്നുവെന്ന് കേന്ദ്രം അതിശയത്തോടെ നോക്കുന്നു. സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. ബ്രഹ്മാസ്ത്രമെന്നോ അവസാന ഓവറിലെ ഗൂഗ്ളിയെന്നോ വിളിക്കാവുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്.
സംസ്ഥാന സർക്കാർ കേന്ദ്ര നടപടിക്ക് മുന്നിൽ കീഴടങ്ങുകയോ മുട്ടുമടക്കുകയോ ചെയ്യില്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ ശുഭകരമായ തീരുമാനം വരും. സർക്കാരിന്റെ നവകേരള സർവേക്ക് തുടക്കമായിട്ടുണ്ട്. കേരളത്തിന്റെ ഭാവി വികസനത്തിന് പൊതുജന നിർദേശങ്ങൾ തേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.






