
മട്ടന്നൂർ: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റെക്കോഡ് വളർച്ചയിൽ. ആറുവർഷവും ഒമ്പതുമാസവും വാണിജ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) 2024–25 സാമ്പത്തിക വർഷത്തിൽ എല്ലാമേഖലകളിലും ഗണ്യമായ വളർച്ചനിരക്കാണ് കൈവരിച്ചത്. ഇതിനകം 1.34 ദശലക്ഷം യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.
11,430 ഷെഡ്യൂളുകളിലായി വിമാനങ്ങൾ സർവീസ് നടത്തി. 4,150 മെട്രിക് ടൺ കാർഗോ ഇടപാടുകളും നടത്തി. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തം ഷെഡ്യൂൾ ചെയ്ത യാത്രക്കാരുടെ എണ്ണത്തിൽ 14 ശതമാനം വർധനയും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 27 ശതമാനം വളർച്ചയുമുണ്ടായി. കൂടാതെ, അന്താരാഷ്ട്ര എടിഎമ്മുകളിൽ 32 ശതമാനം വർധനയുമുണ്ടായി.
ഇത് വിമാനത്താവളത്തിന്റെ വർധിച്ചുവരുന്ന ആഗോള കണക്റ്റിവിറ്റിയെ പ്രതിഫലിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കാർഗോ കയറ്റുമതിയിലും 25 ശതമാനം വർധിച്ചു.
2024–25 സാമ്പത്തിക വർഷം കിയാൽ 195 കോടിയുടെ റെക്കോഡ് വരുമാനമാണ് നേടിയത്. മുൻവർഷം 101 കോടിയായിരുന്നു സാമ്പത്തിക വരുമാനം. അതിനേക്കാൾ 92 ശതമാനം വർധനയാണ് നേടിയത്. 180 കോടിയെന്ന വാർഷികലക്ഷ്യമാണ് മറികടന്നത്.
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ 100 ശതമാനം സ്കോർ നേടി ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച വിമാനത്താവളമായി കണ്ണൂർ വിമാനത്താവളം അംഗീകാരം നേടി.
ഇൗ സാമ്പത്തിക വർഷത്തിൽ രണ്ടുദശലക്ഷം യാത്രക്കാരെയും 250 കോടി രൂപയുടെ വരുമാനവുമായി കിയാൽ ലക്ഷ്യമിടുന്നത്.