
ഓഹരിവിപണി കാത്തിരിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ വമ്പൻ ഐപിഒ വൈകാതെ ഉണ്ടാകുമെന്ന അറിയിപ്പുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള കരട് രേഖകൾ കമ്പനി വൈകാതെ സമർപ്പിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസ് വിഭാഗമാണ് ജിയോ പ്ലാറ്റ്‌ഫോംസ്.
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 66.43 ശതമാനം ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനം ഓഹരികളിൽ 17.71 ശതമാനവും ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിൾ എന്നിവരുടെ പക്കലാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക വിവര പ്രകാരം, 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയിൽ ഇറക്കുന്നത്. സെബിയുടെ നിബന്ധനകൾക്ക് വിധേയമായി ബുക്ക് ബിൽഡിംഗ് പ്രക്രിയയിലൂടെയായിരിക്കും ഓഹരികളുടെ വില നിശ്ചയിക്കുക. ആവശ്യമായ നിയന്ത്രണ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് ഐപിഒ നടപടികൾ കമ്പനി പൂർത്തിയാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.






