
മുംബൈ: ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയില്‍ ജിയോസ്റ്റാറിന്റെ വരവ് പുതിയ നാഴികക്കല്ലായിരുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. ഇന്ത്യയുടെ മാധ്യമ ആവാസവ്യവസ്ഥയെ പുനര്‍നിര്‍വചിച്ച നിമിഷമായിരുന്നു ജിയോസ്റ്റാറിന്റെ പിറവിയെന്ന് അംബാനി വ്യക്തമാക്കി.
വളരെ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഉള്ളടക്കവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി ഞങ്ങളൊരു വിപ്ലവമാണ് തീര്‍ത്തത്. കഥകള്‍ എങ്ങനെ പറയണമെന്നും അത് എങ്ങനെ കാഴ്ച്ചകാരിലേക്ക് എത്തിക്കണമെന്നും എങ്ങനെ അവര്‍ക്ക് അനുഭവവേദ്യമാകണമെന്നുമുള്ള കാര്യങ്ങളിലായിരുന്നു ആ വിപ്ലവം സംഭവിച്ചത്-റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞു.
നിലവില്‍ ജിയോസ്റ്റാര്‍ 3.2 ലക്ഷം മണിക്കൂര്‍ ഉള്ളടക്കമാണ് ലഭ്യമാക്കുന്നത്. തൊട്ട് പിന്നിലുള്ള മറ്റ് രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളേക്കാളും ആറ് മടങ്ങ് കൂടുതലാണിത്. പ്രതിവര്‍ഷം 30,000ത്തിലധികം മണിക്കൂറുകളുടെ ഉള്ളടക്കം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ നൂതന എഐ ഉപകരണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കാഴ്ചക്കാരെ മുമ്പൊരിക്കലുമില്ലാത്തവിധം ശാക്തീകരിക്കുന്നു. ഇതിന്റെ ഫലമായി റിലയന്‍സിന്റെ മാധ്യമ, വിനോദ വ്യവസായം റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവച്ചത്.
ജിയോഹോട്ട്സ്റ്റാര്‍ ആപ്പിന്റെ രൂപീകരണത്തോടെ മൂന്ന് മാസത്തിനുള്ളില്‍ 600 ദശലക്ഷത്തിലധികം ഉപയോക്താക്കളാണെത്തിയത്. ഇതില്‍ 75 ദശലക്ഷത്തിലധികം കണക്റ്റഡ് ടിവികളും ഉള്‍പ്പെടുന്നു. 300 ദശലക്ഷത്തിലധികം പെയ്ഡ് സബ്സ്‌ക്രൈബര്‍മാരുള്ള ജിയോഹോട്ട്സ്റ്റാര്‍ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് – പൂര്‍ണ്ണമായും ഇന്ത്യയില്‍ നിന്ന് നേടിയതാണിത്. ഈ റെക്കോര്‍ഡ് ഇന്ത്യന്‍ വിപണിയുടെ അപാരമായ സാധ്യതകളെയാണ് എടുത്തുകാണിക്കുന്നത്-അംബാനി പറഞ്ഞു.
34 ശതമാനം ടിവി വിപണി വിഹിതവും കമ്പനിക്കുണ്ട്. മൊബൈല്‍, ടിവി, കണക്റ്റഡ് ഡിവൈസുകളിലായി ഒരു ബില്യണ്‍ സ്‌ക്രീനുകളിലേക്കെത്താനുള്ള പാതയിലാണ് റിലയന്‍സ്.
ജിയോ ഹാട്ട്‌സ്റ്റാറില്‍ വോയ്‌സ് അധിഷ്ഠിത സര്‍ച്ച് പ്ലാറ്റ്‌ഫോമായ റിയ അവതരിപ്പിക്കാനുള്ള പദ്ധതിയും മുകേഷ് അംബാനി വെളിപ്പെടുത്തി.
മാത്രമല്ല, ഇമ്മേഴ്‌സീവ് സ്റ്റോറിടെല്ലിംഗിന്റെ ഭാഗമായി ജിയോഹോട്ട്‌സ്റ്റാര്‍ ആപ്പില്‍ വോയ്‌സ് പ്രിന്റ് സേവനവും അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സും വിനോദ പരിപാടികളുമെല്ലാം ഏത് ഇന്ത്യന്‍ ഭാഷയിലും യഥാര്‍ത്ഥ ഉള്ളടക്കത്തിന്റെ മേന്മ ചോരാതെ തന്നെ ആസ്വദിക്കാം.