
ജിയോ ബ്ലാക്റോക് അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്ചൽ ഫണ്ടുകൾ വിപണിയിലവതരിപ്പിക്കാൻ സെബിയുടെ അനുമതി ലഭിച്ചു.റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസിനും നിക്ഷേപക വമ്പന്മാരായ ബ്ലാക്റോക്കിനും തുല്യ പങ്കാളിത്തമുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് ജിയോ ബ്ലാക്റോക് അസറ്റ് മാനേജ്മെന്റ്. വളർന്നു വരുന്ന ഇന്ത്യൻ റീറ്റെയ്ൽ മ്യൂച്ചൽ ഫണ്ട് വിപണിയുടെ ആവശ്യങ്ങൾക്കിണങ്ങുന്ന ഉൽപ്പന്നങ്ങളാകും കമ്പനി അവതരിപ്പിക്കുക.
വിലക്കുറവും സുതാര്യതയുമുള്ള പുതുമയാർന്ന ഉൽപ്പന്നങ്ങള്‍ ആഗോള നിക്ഷേപക, റിസ്ക് മാനേജ്മെന്റ് രംഗത്തെ വമ്പൻമാരായ ബ്ലാക് റോക്കിന്റെ പിന്തുണയോടെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സെബിയുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികളുടെ വില 3.64 ശതമാനം ഉയർന്ന് 292 രൂപയിലെത്തി.
മുംബൈ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു അനുബന്ധ സ്ഥാപനമായിരുന്നു. 2023 ഓഗസ്റ്റിൽ ഇത് സ്വതന്ത്ര സ്ഥാപനമായി വിഭജിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു.
അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചതായി ജിയോബ്ലാക്ക്‌റോക്ക് അറിയിച്ചു.
20 വര്‍ഷത്തിലധികം അസറ്റ് മാനേജ്മെന്റ് മേഖലയില്‍ പരിചയസമ്പത്തുണ്ട് സിദ്ദ് സ്വാമിനാഥന്. മുമ്പ് അദ്ദേഹം ബ്ലാക്ക്റോക്കില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡെക്‌സ് ഇക്വിറ്റിയുടെ തലവനായിരുന്നു, അവിടെ അദ്ദേഹം 1.25 ട്രില്യണ്‍ ഡോളര്‍ ആസ്തിയാണ് കൈകാര്യം ചെയ്തിരുന്നത്.
അതിനുമുമ്പ്, ബ്ലാക്ക്റോക്കിന്റെ യൂറോപ്പ് മേഖലയുടെ ഫിക്‌സഡ് ഇന്‍കം പോര്‍ട്ട്ഫോളിയോ മാനേജ്മെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.