
വാഷിങ്ടണ്‍: തൊഴില്‍ വിപണി ദുര്‍ബലമായ പശ്ചാത്തലത്തില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുന്നു. ഫെഡ് ചെയര്‍ ജെറോമി പവല്‍ ഇത് സംബന്ധിച്ച സൂചന നല്‍കി. ഉയരുന്ന പണപ്പെരുപ്പവും ദുര്‍ബലമായ തൊഴില്‍ വിപണിയും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണിത്.
പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ കാരണം ഉപഭോഗ വസ്തുക്കളുടെ വില വര്‍ദ്ധിച്ചു. ജൂണില്‍ യുഎസിലെ പണപ്പെരുപ്പം 2.6 ശതമാനമാണ്. ഭക്ഷ്യ, ഇന്ധന പണപ്പെരുപ്പം ഒഴിവാക്കിയാല്‍ 2.8 ശതമാനം. വരും മാസങ്ങളില്‍ ഇത് കൂടുതല്‍ പ്രകടമാകുമെന്നും ജെറോമി പവല്‍ പറഞ്ഞു.
എന്നാല്‍ സംഗതി കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതമാകും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഫെഡ് റിസര്‍വ് വായ്പാ നിരക്ക് 4.28-4.50 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ്. അതേസമയം സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടതായി നിയമനിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ തയ്യാറാകുന്നതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചേയ്ക്കും. ഒക്ടോബറിലാണ് ആര്‍ബിഐയുടെ അടുത്ത പണനയ മീറ്റിംഗ് നടക്കുന്നത്.