
ന്യൂഡൽഹി: ചൈനയുടെ വ്യാപാര നിയന്ത്രണങ്ങളിൽ വലയുന്ന ജപ്പാൻ, തങ്ങളുടെ വ്യവസായ മേഖലയ്ക്ക് അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കൾക്കായി (Rare Earth Elements) ഇന്ത്യയുമായി കൈകോർക്കുന്നു.
രാജസ്ഥാനിൽ അടുത്തിടെ കണ്ടെത്തിയ വൻതോതിലുള്ള ധാതു നിക്ഷേപം സംയുക്തമായി ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നത്. ഇലക്‌ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ കാന്തികശക്തിയുള്ള ധാതുക്കളുടെ കാര്യത്തിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ജപ്പാന്‍റെ പ്രധാന ലക്ഷ്യം.
രാജസ്ഥാനിലും ഗുജറാത്തിലുമായി ഏകദേശം 12.9 ലക്ഷം മെട്രിക് ടൺ അപൂർവ ധാതുശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഈ നിക്ഷേപങ്ങൾ വേർതിരിച്ചെടുക്കുന്നതിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിൽ ഇന്ത്യയുടെ പക്കലില്ലാത്ത സങ്കീർണമായ ഖനന സാങ്കേതികവിദ്യകൾ കൈമാറുന്നതിനു പകരമായി, ഉത്പാദിപ്പിക്കുന്ന ധാതുക്കളുടെ ഒരു നിശ്ചിത വിഹിതം തങ്ങൾക്ക് ഉറപ്പാക്കണമെന്നാണ് ജപ്പാന്‍റെ ആവശ്യം. ഇതിന്‍റെ ഭാഗമായി ജപ്പാനിൽനിന്നുള്ള വിദഗ്ധ സംഘം ഉടൻ രാജസ്ഥാൻ സന്ദർശിക്കുമെന്നാണ് സൂചന.
ജപ്പാനും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കം വേഗത്തിലാകുന്നത്. ജപ്പാൻ സൈന്യത്തിന് സാമഗ്രികൾ വിതരണം ചെയ്യുന്ന 20 കമ്പനികൾക്ക് കഴിഞ്ഞ ആഴ്ച ചൈന കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ പ്രധാനപ്പെട്ട ഏഴ് അപൂർവ ധാതുക്കൾ ജപ്പാന് ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ജപ്പാൻ കാണുന്നു.
അപൂർവ ധാതുക്കൾക്കു പുറമെ, ആഫ്രിക്കൻ രാജ്യങ്ങളിലെ ലിഥിയം, കോബാൾട്ട് ശേഖരങ്ങൾക്കായി ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും ജപ്പാന് പദ്ധതിയുണ്ട്.






