
ന്യൂഡല്‍ഹി: എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ വലിയ ജിഎസ്ടി വരുമാനം ജനുവരിയില്‍ രേഖപ്പെടുത്തി. 1.56 ലക്ഷം കോടി രൂപയാണ് രാജ്യം ജനുവരിയില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്.2022 ഏപ്രിലിലെ 1.68 ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.
തുടര്‍ച്ചയായ 11 ാം മാസവും 1.4 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാനും രാജ്യത്തിനായി. 1.56 ലക്ഷം കോടി രൂപയില്‍ 28,963 കോടി രൂപ കേന്ദ്രത്തിന്റേയും 36,730 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്. സംയുക്ത ജിഎസ്ടി 79,599 കോടി രൂപ.
10,630 കോടി രൂപയാണ് സെസ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 2023 ജനുവരി വരെയുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 24 ശതമാനം കൂടുതലാണ്. ഇത് മൂന്നാം തവണയാണ് ഈ സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ കടക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 2.42 ലക്ഷം കോടി ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 2.19 ലക്ഷം കോടി മാത്രമാണ് ഫയല്‍ ചെയ്യപ്പെട്ടത്.






