
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ജൂലൈയില്‍ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ) ഓഹരികള്‍ വിറ്റൊഴിവാക്കി. ജൂലൈ മാസത്തെ അവസാനത്തെ രണ്ട് ആഴ്ചകളില്‍ എഫ്‌ഐഐ ഓഫ് ലോഡ് ചെയ്തത് 14,400 കോടി രൂപയുടെ ഓഹരികളാണ്.
ആദ്യപകുതിയില്‍ 5480 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വില്‍പന നടത്തിയിരുന്നു. മോശം പാദഫലങ്ങളും ആഗോള വ്യാപാര സമ്മര്‍ദ്ദങ്ങളും കമ്പനികളുടെ ഭാവിവീക്ഷണങ്ങള്‍ ദുര്‍ബലമായതുമാണ് കാരണം.
ഇതോടെ നിഫ്റ്റി ഐടി സൂചിക ജൂലൈയില്‍ 9.4 ശതമാനം ഇടിഞ്ഞു. ഫെബ്രുവരിയ്ക്ക് ശേഷം ആദ്യമായാണ് സൂചിക ഇത്രയും തകര്‍ച്ച നേരിടുന്നത്. ഐടിയ്ക്ക് പുറമെ 6700 കോടി രൂപയുടെ സാമ്പത്തിക ഓഹരികളും 4177 കോടി രൂപയുടെ ഓയില്‍ ആന്റ് ഗ്യാസ് ഓഹരികളും 3684 കോടി രൂപയുടെ റിയാലിറ്റി ഓഹരികളും ജൂലൈ അവസാനം എഫ്‌ഐഐ വില്‍പന നടത്തിയിട്ടുണ്ട്.
2425 കോടി രൂപയുടെ വാഹന ഓഹരികളും 1322 കോടി രൂപയുടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഓഹരികളുമാണ് ജൂലൈ രണ്ടാംപകുതിയില്‍ എഫ്‌ഐഐകള്‍ വിറ്റത്. തുടക്കത്തില്‍ യഥാക്രമം 1160 കോടി രൂപയുടേതും 1292 കോടി രൂപയുടേതും വില്‍പന നടത്തിയതിന് പുറമെയാണിത്.
അതേസമയം 2986 കോടി രൂപയുടെ എഫ്എംസിജി ഓഹരികളും ഉപഭോക്തൃ സേവനങ്ങള്‍, ലോഹം, മൈനിംഗ്, ടെലികോം ഓഹരികള്‍ യഥാക്രമം 2064 കോടി രൂപയുടേതും 1640 കോടി രൂപയുടേതും 1190 കോടി രൂപയുടേതും എഫ്‌ഐഐകള്‍ വാങ്ങി. മാസത്തിന്റെ തുടക്കത്തില്‍ 953 കോടി രൂപയ്ക്കും 1724 കോടി രൂപയ്ക്കും 283 കോടി രൂപയ്ക്കും വാങ്ങിയതിന് പുറമെയാണിത്.