
ചെന്നൈ: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിന്റെ മുന്നോടിയായി, ഐഎസ്ആർഒയുടെ ഹ്യൂമനോയ്ഡ് റോബോർട് ‘വ്യോമമിത്ര’ ഈ ഡിസംബറിൽ യാത്ര തിരിക്കും.
മനുഷ്യന് പകരം ബഹിരാകാശത്ത് എത്തുന്ന ഈ റോബോർട്, പേടകത്തിലെ സാഹചര്യങ്ങൾ പഠിക്കാനും വിലയിരുത്താനും സഹായിക്കും.
അർദ്ധ മനുഷ്യരൂപമുള്ള ‘ഹ്യൂമനോയിഡ്’ ഗണത്തിൽ വരുന്ന റോബട്ടാണ് വ്യോമമിത്ര. കാലുകൾ ഉപയോഗിച്ച് സഞ്ചരിക്കാനുള്ള കഴിവ് ഈ റോബോർട്ടിനില്ല.
ഗഗൻയാൻ യാത്ര നടക്കുന്ന പേടകത്തിലെ വിവിധ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങൾ സൂക്ഷ്മം നിരീക്ഷിക്കുക തുടങ്ങിയ പല ജോലികൾ വ്യോമമിത്രയ്ക്ക് ചെയ്യാനുണ്ട്.
പരീക്ഷണ ദൗത്യത്തിനു ശേഷമുള്ള യഥാർഥ ദൗത്യത്തിലും വ്യോമമിത്ര പങ്കെടുക്കും. ബഹിരാകാശ സഞ്ചാരികളുമായി കൂട്ടുകൂടി ഒരു സൗഹൃദ അന്തരീക്ഷമൊരുക്കുക എന്ന ദൗത്യവും വ്യോമമിത്രയ്ക്കുണ്ട്. 2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നു.