
ന്യൂഡൽഹി: ഹോർമൂസ് കടലിടുക്ക് അടച്ചത് യുഎസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും യൂറോപ്പ്യൻ രാജ്യങ്ങൾക്കും മാത്രമെന്ന് ഇറാൻ. മറ്റുരാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസ്സമില്ലാതെ പോകാമെന്നാണ് ഐആർജിസിയുടെ പ്രസ്താവനയിൽനിന്ന് വ്യക്തമാകുന്നത്.
ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തുറമുഖങ്ങളിലും ഉൾക്കടലുകളിലും കുടുങ്ങിക്കിടക്കുന്ന ചരക്കു കപ്പലുകളുടെ കാര്യത്തിൽ പ്രതിസന്ധി അയയുമെന്നാണ് സൂചന.
യുദ്ധസമയത്ത് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് അന്താരാഷ്ട്ര നിയമത്തിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് ഐആർജിസി പറഞ്ഞു.
ജലപാതയിൽ കാണുന്ന അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്യൻ രാജ്യങ്ങൾ എന്നിവയുടെയും ഈ രാജ്യങ്ങളെ പിന്തുണക്കുന്നവരുടെയും കപ്പലുകൾ കണ്ടാൽ തീർച്ചയായും ആക്രമിക്കുമെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി ഐആർഐബി റിപ്പോർട്ട് ചെയ്തു.
ലോകംകണ്ട ഏറ്റവും തിരക്കേറിയ വാണിജ്യ, ഗതാഗത മേഖലയെച്ചൊല്ലി ദിവസങ്ങൾനീണ്ട അനിശ്ചിതത്വനൊടുവിടലാണ് ഇറാന്റെ പ്രഖ്യാപനം വന്നത്. ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചിരുന്നു. ഇതോടെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലായിരുന്നു.
നേരത്തെ, ഹോർമൂസ് കടലിടുക്ക് അടച്ചതിനു പിന്നാലെ ചൈനീസ് പതാകയുള്ള കപ്പലുകൾക്ക് മാത്രമേ കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന് ഇറാൻ സൂചന നൽകിയിരുന്നു.






