
വിപണിയിലേക്ക് പബ്ലിക് ഇഷ്യുകള്‍ ഒന്നിന് പുറകെ ഒന്നായി എത്തുന്നത് തുടരുന്നു. നിലവില്‍ മൂന്ന് ഐപിഒകള്‍ സബ്‌സ്‌ക്രിപ്‌ഷന്‍ തുടരുന്നതിനിടെ ഈയാഴ്‌ച മൂന്ന് പബ്ലിക് ഇഷ്യുകള്‍ കൂടിയെത്തും.
നിലവില്‍ സംഹി ഹോട്ടല്‍സ്, സാഗ്‌ള്‍ പ്രീപെയിഡ്. യാത്രാ ഓണ്‍ലൈന്‍ എന്നീ കമ്പനികളുടെ ഐപിഒകള്‍ വിപണിയിലുണ്ട്. ഈയാഴ്‌ച ഇഎംഎസ് ലിമിറ്റഡ് ലിസ്റ്റ് ചെയ്യും. ഇന്നലെ ജൂപ്പിറ്റര്‍ ലൈഫ് സയന്‍സ് ലിസ്റ്റ് ചെയ്‌തു.
സായി സില്‍ക്ക്‌സ്, സിഗ്നേച്ചര്‍ ഗ്ലോബല്‍, വൈഭവ് ജ്വല്ലേഴ്‌സ് എന്നിവയുടെ ഐപിഒകളാണ് ഈയാഴ്‌ച വിപണിയിലെത്തുന്നത്. ഈ മൂന്ന് ഐപിഒകള്‍ 2200 കോടി രൂപയാണ് പ്രാഥമിക വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ഒരുങ്ങുന്നത്.
സായി സില്‍ക്ക്‌സിന്റെ ഐപിഒ സെപ്‌റ്റംബര്‍ 20 മുതല്‍ 22 വരെ നടക്കും. 1210 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്.
ഹൈദരബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാരീ റീട്ടെയിലര്‍ ആയ സായി സില്‍ക്ക്‌സിന്റെ ഐപിഒയുടെ ഓഫര്‍ വില 210-222 രൂപയാണ്. 67 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 600 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 601 കോടി രൂപയുമാണ് സമാഹരിക്കുന്നത്.
പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒഎഫ്‌എസ് വഴി വിറ്റഴിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ആയ സിഗ്നേച്ചര്‍ ഗ്ലോബലിന്റ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 20 ന് ആരംഭിക്കും. സെപ്‌റ്റംബര്‍ 22 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 366-385 രൂപയാണ് ഓഫര്‍ വില. 38 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
ഒക്‌ടോബര്‍ നാലിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐപിഒ വഴി 720 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 603 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 127 കോടി രൂപയുമാണ് സമാഹരിക്കുന്നത്.
വൈഭവ് ജ്വല്ലേഴ്‌സിന്റെ ഐപിഒ സെപ്‌റ്റംബര്‍ 22 ന് ആരംഭിക്കും. സെപ്‌റ്റംബര്‍ 26 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
ഐപിഒ വഴി 270 കോടി രൂപയാണ് വൈഭവ് ജ്വല്ലേഴ്‌സ് സമാഹരിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 210 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 60 കോടി രൂപയുമാണ് സമാഹരിക്കുന്നത്.
204-215 രൂപയാണ് ഓഫര്‍ വില. 69 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.