
മുംബൈ: റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്, യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനെ തുടര്‍ന്ന് ഇക്വിറ്റി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 676.53 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്ന് 65782.78 ലെവലിലും നിഫ്റ്റി 207 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 19526.55 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഇതോടെ ആഭ്യന്തര നിക്ഷേപര്‍ നേരിട്ട നഷ്ടം ഏതാണ്ട് 3.56 ലക്ഷം കോടി രൂപയുടേതായി.
ബിഎസ്ഇ ലിസ്റ്റ് ഡ് കമ്പനിയുടെ വിപണി മൂല്യം 303.24 ലക്ഷം കോടി രൂപയായി താഴുകയായിരുന്നു. ഓഗസ്റ്റ് 1 ന് 306.80 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. സെന്‍സെക്‌സ് പാക്കിലെ പ്രമുഖ കമ്പനികള്‍ നേരിട്ട നഷ്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് (18,539 കോടി രൂപ), എച്ച്ഡിഎഫ്‌സി ബാങ്ക് (15,354 കോടി രൂപ), ടാറ്റ മോട്ടോഴ്‌സ് (7,675.10 കോടി രൂപ), ബജാജ് ഫിന്‍സെര്‍വ് (7,223.41 കോടി രൂപ), ടാറ്റ സ്റ്റീല്‍ (5184.25 കോടി രൂപ) എന്നിങ്ങനെയാണ്.
ബ്ലൂചിപ്പ് കൗണ്ടറുകളില്‍ നെസ്ലെ ഇന്ത്യ, എച്ച്യുഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര എന്നിവയാണ് ട്രെന്‍ഡിനെ മറികടന്ന് നേട്ടമുണ്ടാക്കിയത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക തകര്‍ച്ച പ്രതീക്ഷിക്കുന്നതായി, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കവേ ഫിച്ച് റേറ്റിംഗ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവര്‍, യുഎസ് ക്രെഡിറ്റ് റേറ്റിംഗ് എഎഎയില്‍ നിന്ന് എഎ + ലേക്ക് തരംതാഴ്ത്തുകയായിരുന്നു.
നീക്കം, ബെഞ്ച്മാര്‍ക്ക് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു. അതേസമയം യുഎസ് അധികൃതര്‍ ഫിച്ച് നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘ഏകപക്ഷീയവും’ ‘കാലഹരണപ്പെട്ടതു’ മായ നടപടിയാണ് ഫിച്ചിന്റേതെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ആരോപിക്കുന്നു.