
കൊച്ചി: സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിര്‍മ്മാണം തുടങ്ങിയത് 54,908.22 കോടി രൂപയുടെ പദ്ധതികളാണെന്ന് വ്യവസായമന്ത്രി പി രാജീവ്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്‍പത് ശതമാനത്തിലധികമാണ് യാഥാര്‍ത്ഥ്യമായ നിക്ഷേപങ്ങള്‍.
കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ സഹായിച്ച ഈ സംഗമത്തിലൂടെ 449 നിക്ഷേപകരില്‍ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് (ഇഒഐ) സർക്കാരിന് ലഭിച്ചത്. ഇതില്‍ ‘നിർമ്മാണം ആരംഭിച്ചു’ എന്നതും ‘പ്രവർത്തനങ്ങൾ ആരംഭിച്ചു’ എന്നതും ഉൾപ്പെടുന്ന 115 പദ്ധതികളാണുള്ളത്. 66,073 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ടൂറിസം, ഭക്ഷ്യ സംസ്കരണം, ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ തുടങ്ങി 22 മുന്‍ഗണനാ മേഖലകളിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച നിക്ഷേപ താല്പര്യ പത്രങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികളെ തരംതിരിച്ച് കെ.എസ്.ഐ.ഡി.സി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ ഏജൻസികൾ വഴി കൃത്യമായ ഫോളോ അപ്പ് നടത്തിവരുന്നു. 100 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അതിനു മുകളിലുള്ള പദ്ധതികൾ കെ.എസ്.ഐ.ഡി.സിയുമാണ് നിരീക്ഷിക്കുന്നത്. നിക്ഷേപകർക്ക് ആവശ്യമായ വിവിധ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേക സംവിധാനം രൂപീകരിക്കുകയും കൃത്യമായ ഇടവേളകളിൽ പദ്ധതി അവലോകനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
നിക്ഷേപ പുരോഗതി – വിശദാംശങ്ങൾ (18.02.2026 പ്രകാരം) കണക്കുകൾ
- ആകെ ലഭിച്ച നിക്ഷേപ താല്പര്യ പത്രങ്ങൾ 449 എണ്ണം
- ആകെ നിർദ്ദേശിക്കപ്പെട്ട നിക്ഷേപത്തിന്റെ മൂല്യം 1,81,209 കോടി രൂപ
- ആകെ തൊഴിലവസര സാധ്യത 4,97,800
- ഭൂമി ലഭ്യമായ പദ്ധതികൾ 285 എണ്ണം
- ഭൂമി ലഭ്യമായ പദ്ധതികളിൽ ‘നിർമ്മാണം ആരംഭിച്ചു’ എന്നതും ‘പ്രവർത്തനങ്ങൾ ആരംഭിച്ചു’ എന്നതും ഉൾപ്പെടുന്ന 115 എണ്ണം (40.35%)
- നിർമ്മാണം ആരംഭിച്ച പദ്ധതികളിലെ മൊത്തം നിക്ഷേപം 54,908.22 കോടി രൂപ
- നിർമ്മാണം ആരംഭിച്ച പദ്ധതികളിൽ പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങൾ 66,073
നിക്ഷേപ പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനത്തിന് സർക്കാർ രൂപം നൽകി. നോഡൽ ഓഫീസർമാരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും ഈ പോർട്ടൽ സഹായിക്കുന്നു.
കൂടാതെ, പദ്ധതി നിർവ്വഹണത്തിലെ തടസ്സങ്ങൾ നീക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായി ഉപദേശക സമിതിയും നിലവിൽ വന്നു.
ഇതിനോടകം തന്നെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനായി 22 പ്രധാന നയപരിഷ്കാരങ്ങൾ സർക്കാർ അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രത്യേക കര്‍മസേന രൂപീകരിച്ചതും എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെല്ലുകൾ ആരംഭിച്ചതും പദ്ധതികളുടെ വേഗത വർദ്ധിപ്പിച്ചു. ഇത്തരം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 115 പദ്ധതികളുടെ നിർമ്മാണം ആരംഭിക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.






