
ന്യൂയോര്‍ക്ക്: ഉയരുന്ന ഗ്യാസോലിന്‍ വില കുറക്കാന്‍ യു.എസ് സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പായതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 1.34ഡോളര്‍ അഥവാ 1.2 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 108.18 ഡോളറായി. ബ്രെന്റ് ക്രൂഡ് അവധി 1.33 ഡോളര്‍ അഥവാ 1.2 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 113.32 ഡോളറിലുമെത്തി.
വില ഉയരുന്നതിനിടെ ഗ്യാസോലിന് ചുമത്തുന്ന തീരുവ താല്‍ക്കാലികമായി റദ്ദുചെയ്യാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സന്നദ്ധനായിട്ടുണ്ട്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഗാലന് 18.4 സെന്റാണ് ഗ്യാസോലിന്‍ തീരുവ.
തീരുവ ഇല്ലാതാക്കുന്നതോടെ പണപ്പെരുപ്പം കുറക്കാമെന്നും യു.എസ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഏഴോളം എണ്ണ കമ്പനികളുടെ പ്രതിനിധികള്‍ ഇന്ന് പ്രസിഡന്റ് ബൈഡനുമായി ചര്‍ച്ച നടത്തും. അമിതലാഭം കൊയ്യുന്ന സാഹചര്യത്തില്‍ വില കുറക്കാന്‍ കമ്പനികളുടെ മേല്‍ സമ്മര്‍ദ്ദമുണ്ട്.
അതേസമയം ക്രൂഡ് ഓയില്‍ ഡിമാന്റ് കോവിഡ് മഹാമാരിയ്ക്ക് മുന്‍പുള്ള ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. എന്നാല്‍ ഡിമാന്റിനനുസരിച്ച് വിതരണം വര്‍ധിക്കുന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വില ഉയര്‍ന്നുതന്നെയിരിക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തി.
റഷ്യന്‍ എണ്ണയ്‌ക്കെതിരായ പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധമാണ് വിതരണം കുറയ്ക്കാന്‍ കാരണമാകുന്നത്.