
ന്യൂഡല്‍ഹി: ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം, മാര്‍ച്ചില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയിലൊതുങ്ങും. റോയിട്ടേഴ്സ് സര്‍വേ പ്രവചിക്കുന്നു. 5.80 ശതമാനം ചില്ലറ പണപ്പെരുപ്പമാണ് സര്‍വേ പ്രതീക്ഷിക്കുന്നത്.
2-6 ശതമാനമാണ് ആര്‍ബിഐയുടെ ടോളറന്‍സ് പരിധി. ഭക്ഷ്യവില സൂചികയിലെ ഇടിവാണ് മൊത്തം പണപ്പെരുപ്പത്തെ സ്വാധീനിക്കുക. നവംബറിലും ഡിസംബറിലും ആര്‍ബിഐ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങിയ ശേഷം ജനുവരിയിലാണ് പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടുതലാകുന്നത്.
പിന്നീട് ഫെബ്രുവരിയിലും തത്സ്ഥിതി തുടര്‍ന്നു. യഥാക്രമം 6.52 ശതമാനവും 6.44 ശതമാനവുമായിരുന്നു ജനുവരിയിലേയും ഫെബ്രുവരിയിലേയും ചില്ലറ പണപ്പെരുപ്പം. തുടര്‍ച്ചയായ 41 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.
ഏപ്രില്‍ 6 ന് അവസാനിച്ച ആര്‍ബിഐ പണധന നയ അവലോകനയോഗം റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിലനിര്‍ത്തിയിരുന്നു. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച സ്ഥാനത്താണിത്. പണപ്പെരുപ്പം മാര്‍ച്ചില്‍ കുറയുമെന്ന പ്രതീക്ഷയാണ് ആര്‍ബിഐയ്ക്കുമുള്ളത്.






