ഡൽഹി: 2022 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ നാലാം പാദത്തിൽ അറ്റാദായം 39.1 ശതമാനം ഉയർന്ന് 34.58 കോടി രൂപയായതായി ഇൻഡിഗോ പെയിന്റ്സ് അറിയിച്ചു. കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 27.79 ശതമാനം വർധിച്ച് 47.41 കോടി രൂപയായപ്പോൾ, ഇബിഐടിഡിഎ 25.22 ശതമാനം വളർച്ച രേഖപ്പെടുത്തി. വീടുകൾക്കും ഓഫീസുകൾക്കുമായി ഇന്റീരിയർ & എക്സ്റ്റീരിയർ വാൾ പെയിന്റ് നിറങ്ങൾ, ഇനാമലുകൾ & വുഡ് കോട്ടിംഗുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഇൻഡിഗോ പെയിന്റ്സ്.
കഴിഞ്ഞ നാലാം പാദത്തിലെ ഇബിഐടിഡിഎ മാർജിൻ 2021 നാലാം പാദത്തിലെ 16.89 ശതമാനത്തിൽ നിന്ന് 18.64 ശതമാനമായി കുത്തനെ വികസിച്ചു. അതേസമയം, നികുതിക്ക് ശേഷമുള്ള ലാഭ ( PAT ) മാർജിൻ 2021 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 9.72% ൽ നിന്ന് കഴിഞ്ഞ നാലാം പാദത്തിൽ 11.89% ആയി മെച്ചപ്പെട്ടു.
മുഴുവൻ വർഷാടിസ്ഥാനത്തിൽ, കമ്പനിയുടെ അറ്റാദായം 18.63% വർധന രേഖപ്പെടുത്തി 84.04 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 3 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.