
ന്യൂഡൽഹി: നവംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു. കഴിഞ്ഞ മാസം കയറ്റുമതി ഉയരുകയും ഇറക്കുമതി കുറയുകയും ചെയ്തുവെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
നവംബറിൽ കയറ്റുമതി 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ ഇറക്കുമതി 1.88 ശതമാനം കുറഞ്ഞു. വ്യാപാര കമ്മി 24.53 ബില്യണ്‍ ഡോളറാക്കി താഴ്ത്താനും സാധിച്ചു. ഒക്ടോബറിൽ 41.68 ബില്യണ്‍ ഡോളറായിരുന്നു.
നവംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി അഞ്ചു മാസത്തെ താഴ്ന്ന നിലയിലാണ്. നവംബറിൽ യുഎസിലേക്കുള്ള കയറ്റുമതിയും ഉയർന്നു.
സർക്കാർ ഒൗദ്യോഗിക കണക്കുകൾ പ്രകാരം സ്വർണം, എണ്ണ, കൽക്കരി എന്നിവയുടെ ഇറക്കുമതിയിൽ ഉണ്ടായ കുറവാണ് ഇറക്കുമതി ഇടിവിന് കാരണം. നവംബറിലെ കയറ്റുമതി മുൻ വർഷത്തെക്കാൾ 23.15 ശതമാനത്തിന്‍റെ ശക്തമായ വളർച്ചയാണുണ്ടായത്.
നവംബറിലെ ആകെ കയറ്റുമതി ഒക്ടോബറിനേക്കാൾ 19.37 ശതമാനം ഉയർന്ന് 38.13 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ പത്തുവർഷത്തെ ഉയർന്ന നിരക്ക് കൂടിയാണിത്. നവംബറിലെ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.88 ശതമാനം കുറഞ്ഞ് 62.66 ബില്യണ്‍ ഡോളറായി.
ഒക്ടോബറിൽ കയറ്റുമതിയിലുണ്ടായ മാന്ദ്യം നവംബറിലെ പ്രകടനംകൊണ്ട് വിജയകരമായി നികത്തിയതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അഭിപ്രായപ്പെട്ടു.
യുഎസിലേക്കു കയറ്റുമതി കൂടി
യുഎസുമായുള്ള വ്യാപാര കരാർ നടപ്പിലായില്ലെങ്കിലും ഇന്ത്യക്ക് മേലുള്ള തീരുവ 50 ശതമാനം വർധിപ്പിച്ചിട്ടും കയറ്റുമതി ഉയർന്നു. യുഎസിലേക്കുള്ള ചരക്കു കയറ്റുമതി കഴിഞ്ഞ നവംബറിനേക്കാൾ ഈ വർഷം 22.6 ശതമാനം വർധിച്ച് 6.98 ബില്യണ്‍ ഡോളറിലെത്തി. ഇത് ഒക്ടോബറിലെ യുഎസ് കയറ്റുമതിയേക്കാൾ പത്ത് ശതമാനം കൂടുതലാണ്.
വിവിധ മേഖലകളിൽ കയറ്റുമതി ഉയർന്നു
തന്ത്രപ്രധാന മേഖലകളിൽ നിന്നുള്ള കയറ്റുമതി വിഹിതം വർധിച്ചതാണ് നേട്ടത്തിന് കാരണം. ഇലക്‌ട്രോണിക്സ്, ജെം ആൻഡ് ജുവലറി, ഫാർമ തുടങ്ങിയവയുടെ കയറ്റുമതിയിൽ കുതിപ്പുണ്ടായി.
ഇറക്കുമതി കുറച്ചു
സ്വർണത്തിന്‍റെ ഇറക്കുമതി നവംബറിൽ 60 ശതമാനം കുറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾ, കൽക്കരി, വെജിറ്റബിൾ ഓയിൽ എന്നിവയുടെ അടക്കം ഇറക്കുമതിയിൽ കുറവുണ്ടായതാണ് ഇറക്കുമതി ചെലവ് കുറയ്ക്കാൻ ഇടയാക്കിയത്.
ഏപ്രിൽ-നവംബർ കാലയളവിൽ കയറ്റുമതി വളർച്ച 2.62 ശതമാനമാണ്. 292.07 ബില്യണ്‍ ഡോളർ വരുമിത്. അതേസമയം, എട്ടുമാസത്തെ ഇറക്കുമതി 5.59 ശതമാനം വർധിച്ച് 515.21 ബില്യണ്‍ ഡോളറായി.






