
ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന, ഉത്പാദന കയറ്റുമതി മേഖലകള്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമാണെന്ന് ലോകബാങ്ക്, ദക്ഷിണേഷ്യ ചീഫ് ഇക്കണോമിസ്റ്റ് ഫ്രാന്‍സിസ്‌ക ഓന്‍സോര്‍ജ്. കൗടില്യ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിലാണ് വിദേശ നിക്ഷേപകര്‍ പൊതുവെ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.. 2022 നവംബര്‍ മുതല്‍ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ സേവന കയറ്റുമതി 30 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇത് ചാറ്റ്ജിപിടി പോലുള്ള കൃത്രിമ ബുദ്ധി ഉപകരണങ്ങളുടെ ആഗോള ഉയര്‍ച്ചയുമായി പൊരുത്തപ്പെടുന്നു.ഇന്ത്യയുടെ ഡിജിറ്റല്‍, സോഫ്റ്റ്വെയര്‍ സേവന മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഫലപ്രദമായി പ്രോത്സാഹിപ്പിച്ചാല്‍ കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കാന്‍ മേഖലയ്ക്കാകും.
ഇന്ത്യന്‍ കയറ്റുമതി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍, താരതമ്യേന കുറഞ്ഞ എണ്ണം സ്വതന്ത്ര വ്യാപാരക്കരാറുകളും ഇന്റര്‍മീഡിയറ്റ് ചരക്കുകള്‍ക്ക് രാജ്യം ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവകളുമാണ്. ഇത് ഇന്ത്യന്‍ ഉത്പാദകരുടെ ഇന്‍പുട്ട് ചെലവ് വര്‍ദ്ധിപ്പിക്കുകയും ഉത്പന്നങ്ങള്‍ മത്സരാധിഷ്ഠിതമല്ലാതാക്കുകയും ചെയ്യുന്നു.
യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഒമാന്‍, ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിലെ അംഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവ വിജയിക്കുന്ന പക്ഷം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം സാധ്യമാകും. കോവിഡ് പാന്‍ഡമിക്കിന് ശേഷം ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം മന്ദഗതിയിലാണെന്നും ഓന്‍സോര്‍ജ് ചൂണ്ടിക്കാട്ടി.
എങ്കിലും വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ശക്തമാണ്. ഇന്ത്യയുടെ എഫ്ഡിഐ-ജിഡിപി അനുപാതം വളര്‍ന്നുവരുന്ന വിപണികളില്‍ താഴെതട്ടിലാണ്. സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യ വ്യാപാര തടസ്സങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ട്.