
മുംബൈ: അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടയിലും റഷ്യയില്‍ നിന്ന് വലിയ അളവില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. സെപ്തംബറിലെ ആദ്യ പതിനാറ് ദിവസങ്ങളില്‍ രാജ്യം പ്രതിദിനം ശരാശരി 1.73 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങി. ഓഗസ്റ്റില്‍ 1.66 ദശലക്ഷം ബാരലും ജൂലൈയില്‍ 1.59 ദശലക്ഷം ബാരലും ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്.
ഇന്ത്യയിലേയ്ക്കുള്ള റഷ്യയുടെ എണ്ണകയറ്റുമതി അനുസ്യൂതം തുടരുന്നുവെന്നും ഈജിപ്തിലേയ്ക്കുള്ള പല ടാങ്കറുകളും ഗതിമാറ്റി ഇന്ത്യയിലേയ്ക്ക് നീങ്ങിയെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. നിലവിലെ കണക്കുകളേക്കാള്‍ കൂടിയ തോതിലായിരിക്കാം ഇന്ത്യയുടെ ഇറക്കുമതി.
ഡെലിവറിയ്ക്ക് ആറ് മുതല്‍ എട്ടാഴ്ച മുന്‍പാണ് എണ്ണക്കരാര്‍ ഒപ്പുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എത്തിയ എണ്ണ ജൂലൈയില്‍ ഓര്‍ഡര്‍ നല്‍കിയതാണ്. അതായത് അമേരിക്ക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച സമയത്ത് ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതല്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കി.
എണ്ണവില്‍ക്കുന്ന ഇനത്തില്‍ ലഭിക്കുന്ന പണം റഷ്യ ഉക്രെയ്‌നെതിരെ യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം താരിഫ് ചുമത്താനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായി.