
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ അംസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ 2025 നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ 29 ശതമാനത്തോളം കുറവ്. ഇതോടെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ചൈനയാണ് മുന്നിൽ. ഇന്ത്യയെ മറികടന്ന് തുർക്കി രണ്ടാമതായി.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയ്ക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ ഇറക്കുമതി കുറച്ചു. 2025 ഡിസംബറിൽ ഇന്ത്യ റഷ്യയിൽനിന്ന് 27,000 കോടി രൂപയുടെ അസംസ്‌കൃത ഇന്ധനം ഇറക്കുമതി ചെയ്തു.
നവംബറിൽ 34,000 കോടി രൂപയുടെ ഇറക്കുമതിയുണ്ടായിരുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതിയുടെ 48 ശതമാനവും കൈകാര്യംചെയ്യുന്ന ചൈന ഡിസംബറിൽ 63,000 കോടി രൂപയുടെ ഇറക്കുമതി നടത്തി.
റിലയൻസിന്റെ ജാംനഗറിലുള്ള എണ്ണ സംസ്‌കരണശാലയിലേക്കുള്ള ഇറക്കുമതിയിലാണ് ഏറ്റവും വലിയ കുറവുണ്ടായത്. ഇവിടെ നവംബറിൽ ഇറക്കുമതിചെയ്തതിന്റെ പകുതിയോളം മാത്രമേ കഴിഞ്ഞമാസം ഇറക്കിയുള്ളൂ. പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകളിലെ ഇറക്കുമതിയിൽ 15 ശതമാനത്തോളം കുറവുണ്ടായി.






